ശുചീകരണ തൊഴിലാളി
ന്യൂഡൽഹി:മനുഷ്യാവകാശങ്ങളെക്കുറിച്ചും വൻ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചും രാജ്യം വാചാലമാകുമ്പോഴും, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ചോരയും കണ്ണീരും വീണ് ഇന്ത്യയിലെ മാൻഹോളുകൾ ഇപ്പോഴും ശാപഭൂമിയായി തുടരുകയാണ്. രാജ്യത്ത് തോട്ടിപ്പണി (മാന്വൽ സ്കാവെഞ്ചിംഗ്) പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്ന് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും, നരകക്കുഴികളിൽ മനുഷ്യജീവനുകൾ ഹോമിക്കപ്പെടുന്നത് തുടരുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം രാജ്യത്ത് 55 ശുചീകരണ തൊഴിലാളികളാണ് മാൻഹോളുകളിലും സെപ്റ്റിക് ടാങ്കുകളിലും ശ്വാസം മുട്ടി പിടഞ്ഞ് മരിച്ചത്.
ദലിത് ആദിവാസി ശക്തി അധികാർ മഞ്ച് (DASAM) നടത്തിയ പുതിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള വെറും അഞ്ച് മാസത്തെ കണക്കാണിത്. ഇതിൽ ജൂൺ മാസത്തിൽ മാത്രം 18 പേർക്ക് ജീവൻ നഷ്ടമായി. അതിൽ ഒമ്പത് മരണങ്ങളും നടന്നത് രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിലാണെന്നത് ഭരണകൂടങ്ങളുടെ കടുത്ത വീഴ്ചയെയും ക്രൂരമായ അനാസ്ഥയെയുമാണ് ചൂണ്ടിക്കാണിക്കുന്നത്. സുപ്രീം കോടതിയുടെ കർശനമായ നിർദ്ദേശങ്ങളും നിയമങ്ങളും നിലനിൽക്കുമ്പോഴും, ദലിത് വിഭാഗത്തിൽപ്പെട്ട നിർധനരായ തൊഴിലാളികളെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ മരണക്കുഴിയിലേക്ക് തള്ളിവിടുകയാണ് ഭരണകൂടം.
കഴിഞ്ഞ ഫെബ്രുവരി 4-നാണ് മുംബൈ കോർപ്പറേഷന്റെ കരാർ തൊഴിലാളിയായ 26 കാരൻ ഷമീം റസാഖ് ഗാസി ഗോരേഗാവിലെ 25 അടി താഴ്ചയുള്ള കാന വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മരിക്കുന്നത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ട ഷമീമിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
സമാനമായ മറ്റൊരു ദുരന്തം ജൂൺ 26-ന് ഡൽഹിയിലെ മുണ്ട്ക വ്യാവസായിക മേഖലയിൽ നടന്നു. സുൽത്താൻപുരിയിലെ പ്രിന്റിംഗ് പ്രസ്സിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ അരുൺ, സന്ദീപ്, ചന്ദ് എന്നീ മൂന്ന് യുവാക്കളാണ് അവിടെ കൊല്ലപ്പെട്ടത്. ടാങ്കിലെ വെള്ളം മാറ്റിയ ശേഷം അതിനുള്ളിലെ ചെളി കൈകൊണ്ട് മാറ്റാൻ കരാറുകാരൻ ഇവരെ നിർബന്ധിച്ച് ഇറക്കുകയായിരുന്നു. ആദ്യം ഇറങ്ങിയ സന്ദീപ് വിഷവാതകം ശ്വസിച്ച് ബോധരഹിതനായി വീണു. അവനെ രക്ഷിക്കാൻ ഇറങ്ങിയ അരുണും, പിന്നീട് രണ്ടുപേരെയും രക്ഷിക്കാനിറങ്ങിയ ചന്ദും വിഷപ്പുകയിൽ ശ്വാസം മുട്ടി മരണത്തിന് കീഴടങ്ങി. ആ കുടുംബങ്ങളുടെ ഏക അത്താണികളായിരുന്നു മൂന്ന് യുവാക്കളും. ഇന്ന് അവരുടെ പ്രായമായ മാതാപിതാക്കളും ഭാര്യയും കുഞ്ഞുങ്ങളും കടുത്ത ദാരിദ്ര്യത്തിലും അനാഥത്വത്തിലുമാണ് ജീവിതം തള്ളിനീക്കുന്നത്.
രാജ്യത്ത് നടന്ന ഇത്തരം മരണങ്ങളെല്ലാം വെറും 'അപകടങ്ങൾ' മാത്രമായി ചിത്രീകരിച്ച് അധികൃതർ കൈ കഴുകുകയാണെന്ന് ദലിത് സംഘടനകൾ കുറ്റപ്പെടുത്തുന്നു. മെയ് മാസത്തിൽ ന്യൂ അശോക് നഗറിൽ വിനോദ് കുമാർ എന്ന ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായി. കുടുംബത്തിന് എഫ്.ഐ.ആറിന്റെ (FIR) പകർപ്പ് നൽകാൻ പോലും പൊലീസ് തയ്യാറായില്ല. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, മരിച്ച തൊഴിലാളികളുടെ മേൽ കുറ്റം ചുമത്താനാണ് അധികൃതർ ശ്രമിച്ചത്. ഇത്തരം കേസുകളിൽ മാന്വൽ സ്കാവെഞ്ചിംഗ് നിരോധന നിയമമോ, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമമോ (SC/ST Act) ചുമത്താൻ പോലും പൊലീസ് തയ്യാറാകുന്നില്ല എന്നും നിരവധി ആക്ഷേപമുണ്ട്.
ശുചീകരണ തൊഴിലാളികളെ നേരിട്ട് നിയമിക്കാതെ ഇടനിലക്കാരായ കരാറുകാർ വഴി നിയമിക്കുന്നതാണ് ഈ കൊടും ക്രൂരതയ്ക്ക് പിന്നിലെ പ്രധാന കാരണം. ഇതോടെ അപകടമുണ്ടാകുമ്പോൾ നഗരസഭകൾക്കും സർക്കാരിനും ഉത്തരവാദിത്തത്തിൽ നിന്ന് എളുപ്പത്തിൽ ഒഴിഞ്ഞുമാറാം. മരിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും, പലർക്കും ഇത് ലഭിക്കുന്നില്ല. ലഭിക്കുന്നവർക്ക് തന്നെ വളരെ വൈകിയോ അല്ലെങ്കിൽ ചെറിയൊരു തുക മാത്രമായോ ആണ് ലഭിക്കുന്നത്. ആശ്രിതർക്ക് ജോലിയോ, പെൻഷനോ, പുനരധിവാസമോ നൽകാൻ സർക്കാർ തയ്യാറാകുന്നില്ല എന്നതാണ് പ്രധാനപ്പെട്ട വസ്തുത.
ജീവനോടെ അവശേഷിക്കുന്ന തൊഴിലാളികളുടെ അവസ്ഥയും സമാനമാണ്. നിരന്തരമായി മലിനജലവുമായും വിഷവാതകങ്ങളുമായും സമ്പർക്കത്തിൽ വരുന്ന ഇവർക്ക് മാരകമായ ശ്വാസകോശ രോഗങ്ങൾ, അർബുദം, ചർമ്മ രോഗങ്ങൾ, മാനസിക ആഘാതം എന്നിവ ഉണ്ടാകുന്നു. എന്നാൽ ഇവർക്കായി യാതൊരുവിധ ആരോഗ്യ സുരക്ഷാ പദ്ധതികളും നിലവിലില്ല.
മാൻഹോളുകളിലെ മനുഷ്യവേട്ട അവസാനിപ്പിക്കാൻ കർശനമായ നടപടികൾ വേണമെന്നാണ് ദലിത് ആദിവാസി ശക്തി അധികാർ മഞ്ചിന്റെ ആവശ്യം. എല്ലാ ശുചീകരണ പ്രവർത്തനങ്ങളും പൂർണ്ണമായും യന്ത്രവൽക്കരിക്കുക, കരാർ സമ്പ്രദായം നിർത്തലാക്കുക, ഇത്തരം മരണങ്ങളെ 'അപകടങ്ങൾ' എന്ന് വിളിക്കാതെ മനഃപൂർവ്വമുള്ള നരഹത്യയായി കണക്കാക്കി കേസെടുക്കുക, കുറ്റക്കാരായ ഉദ്യോഗസ്ഥരെയും കരാറുകാരെയും അറസ്റ്റ് ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വം (ആർട്ടിക്കിൾ 14), അയിത്ത നിർമ്മാർജ്ജനം (ആർട്ടിക്കിൾ 17), ജീവിക്കാനുള്ള അവകാശം (ആർട്ടിക്കിൾ 21), നിർബന്ധിത തൊഴിൽ നിരോധനം (ആർട്ടിക്കിൾ 23) എന്നിവയുടെ നഗ്നമായ ലംഘനമാണ് തോട്ടിപ്പണിയിലൂടെ നടക്കുന്നത്. നിയമങ്ങൾ കടലാസിൽ മാത്രം അവശേഷിക്കുകയും, അധികാരികൾ നിഷ്കരുണം കണ്ണടയ്ക്കുകയും ചെയ്യുമ്പോൾ ഇനിയും എത്ര മനുഷ്യജീവനുകൾ ഇത്തരം നരകക്കുഴികളിൽ ഹോമിക്കപ്പെടേണ്ടി വരും എന്ന ചോദ്യം ബാക്കിയാവുകയാണ്. നിരന്തരം അരികുവൽക്കരിക്കപ്പെട്ടരുടെ ശബ്ദങ്ങളെ മൂടിവെച്ചുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയുടെ അച്ചുകൾ ചമച്ചെടുക്കുന്ന നരഹത്യയുടെ എണ്ണങ്ങളിലേക്കാണ് ഈ മരണങ്ങളും ചേർക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.