സി. ജോസഫ് വിജയ്, എൻ. ഇളയരാജ

'പാർട്ടി വിടാൻ തനിക്ക് 30 കോടി വാഗ്‌ദാനം ചെയ്തു'; സെന്തിൽ ബാലാജിക്കെതിരെ ആരോപണവുമായി ടി.വി.കെ എം.എൽ.എ എൻ. ഇളയരാജ

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന തമിഴ്നാട് സർക്കാരിനെ അട്ടിമറിക്കാൻ ഡി.എം.കെ ശ്രമിക്കുന്നതായി ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടി.വി.കെ) ആരോപിക്കുന്നു. പാർട്ടിയുടെ എം.എൽ.എ എൻ. ഇളയരാജക്ക് കൂറുമാറാൻ 30-35 കോടി രൂപ വാഗ്‌ദാനം ചെയ്തെന്ന വെളിപ്പെടുത്തലാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ യുദ്ധത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഭരണകക്ഷിയായ ടി.വി.കെയുടെ എം.എൽ.എ എൻ. ഇളയരാജയാണ് ആരോപണവുമായി രംഗത്തെത്തിയത്. കൂറുമാറുന്നതിനായി ഒരു സംഘം തന്നെ സമീപിച്ചെന്നും, കൂറുമാറിയാൽ 30 മുതൽ 35 കോടി രൂപ വരെ നൽകുമെന്ന് വാഗ്‌ദാനം ചെയ്തെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കൂടാതെ, ടി.വി.കെയിലെ 10 എം.എൽ.എമാരും ഒരു മന്ത്രിയും ഇതിനകം തന്നെ ഡി.എം.കെയിൽ ചേരാൻ സമ്മതിച്ചിട്ടുണ്ടെന്ന് തന്നോട് പറഞ്ഞതായി ഇളയരാജ ആരോപിക്കുന്നു.

ഇളയരാജയുടെ പരാതിയെത്തുടർന്ന് തമിഴ്നാട് പൊലീസ് ദ്രുതഗതിയിൽ നടപടിയെടുത്തു. തിരുനവുക്കരശ്, നരേഷ്, ത്യാഗരാജൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുമായി മുൻ ഡി.എം.കെ മന്ത്രി വി. സെന്തിൽ ബാലാജിക്കും സഹോദരൻ അശോക് കുമാറിനും ബന്ധമുണ്ടെന്നാരോപിച്ച് ഇവർക്കെതിരെയും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ കൺസൾട്ടൻസിയുടെ മറവിലാണ് ഇവർ എം.എൽ.എമാരെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആരോപണം തമിഴ്നാട്ടിൽ വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. ടി.വി.കെ സർക്കാരിനെ അട്ടിമറിക്കാൻ ഡി.എം.കെ നിരന്തരമായി ശ്രമിക്കുന്നതായി മന്ത്രി പി. നിർമ്മൽ കുമാർ ആരോപിച്ചു. കഴിഞ്ഞ 40 ദിവസമായി ഡി.എം.കെ എം.എൽ.എമാരെ വിലക്കുവാങ്ങാൻ ശ്രമിക്കുകയാണെന്നും, ഇതിന് പിന്നിൽ സെന്തിൽ ബാലാജിയും സംഘവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഡി.എം.കെ ഈ ആരോപണങ്ങളെ പൂർണമായും തള്ളി. തങ്ങളുടെ രണ്ട് എം.എൽ.എമാരെ രാജിവെപ്പിക്കാൻ മുഖ്യമന്ത്രി വിജയ് ശ്രമിച്ചെന്ന് ആരോപിച്ച് ഡി.എം.കെ ഗവർണർക്കും വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ഡയറക്ടറേറ്റിനും പരാതി നൽകിയിട്ടുണ്ട്.

2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി. ജോസഫ് വിജയ് യുടെ നേതൃത്വത്തിലുള്ള ടി.വി.കെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. തുടർന്ന് ചെറിയ കക്ഷികളുടെ പിന്തുണയോടെ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദശകങ്ങളായി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ ആധിപത്യം തകർത്താണ് ടി.വി.കെ അധികാരത്തിൽ വന്നത്. നിലവിൽ എം.ഡി.എം.കെ ഉൾപ്പെടെയുള്ള പാർട്ടികൾ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കേന്ദ്രീകരിച്ചുള്ള ഇത്തരം ആരോപണങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ അസ്ഥിരതയാണ് സൃഷ്ടിക്കുന്നത്.

Tags:    
News Summary - He offered me 30 crores to leave the party TVK MLA N. Ilayaraja alleges former DMK minister Senthil Balaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.