വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്; യു.എസ് ഉൽപന്നങ്ങൾക്കുമേൽ പകര തീരുവ ചുമത്താൻ ഇന്ത്യ

ന്യൂഡൽഹി: സുരക്ഷാ നടപടികളുടെ പേരിൽ ഇന്ത്യൻ ഓട്ടോമൊബൈൽ ഉൽപന്നങ്ങൾക്ക് തീരുവകൾ ചുമത്തിയതിന് പിന്നാലെ യു.എസിനെതിരെ ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള പകര തീരുവ ചുമത്താനൊരുങ്ങി ഇന്ത്യ.

അമേരിക്കയിൽനിന്നുള്ള തെരഞ്ഞെടുത്ത ഉൽപന്നങ്ങളുടെ മേലുള്ള തീരുവ വർധന പ്രതികാരമെന്ന നിലയിലായിക്കുമെന്ന് ഇന്ത്യയുടെ അഭ്യർഥന പ്രകാരം ഡബ്ല്യു.ടി.ഒ പു​റപ്പെടുവിച്ച ഒരു വിജ്ഞാപനത്തിൽ പറയുന്നു.

ഇന്ത്യയിൽ നിന്നുള്ള ഓട്ടോമൊബൈൽ ഭാഗങ്ങളുടെ ഇറക്കുമതിയിൽ യു.എസ് നടപ്പാക്കിയ സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ടാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അതിൽ പറയുന്നു.

ഈ വർഷം മാർച്ച് 26ന് പാസഞ്ചർ വാഹനങ്ങളുടെയും ലൈറ്റ് ട്രക്കുകളുടെയും ഇന്ത്യയിൽ നിന്നുള്ള ചില ഓട്ടോമൊബൈൽ ഭാഗങ്ങളുടെയും ഇറക്കുമതിക്ക് യു.എസ് 25 ശതമാനം തീരുവ നടപടി സ്വീകരിച്ചിരുന്നു. ഓട്ടോമൊബൈൽ ഭാഗങ്ങളുടെ കാര്യത്തിൽ 2025 മെയ് 3 മുതൽ അനിശ്ചിത കാലയളവിലേക്ക് ഇത് ബാധകമാണ്. എന്നാൽ, ഈ നടപടികൾ യു.എസ് ഡബ്ല്യു.ടി.ഒയെ അറിയിച്ചിരുന്നില്ല.

അമേരിക്ക സ്വീകരിച്ച നടപടികൾ 1994ലെ ഗാട്ടിനും (വ്യാപാരവും താരിഫും സംബന്ധിച്ച പൊതു കരാർ) സുരക്ഷാ നടപടികളെക്കുറിച്ചുള്ള കരാറിനും അനുസൃതമല്ലെന്ന് ഇന്ത്യ വാദിച്ചു. ഈ താരിഫുകളെക്കുറിച്ച് ഇന്ത്യ ആവശ്യപ്പെട്ട കൂടിയാലോചനകൾ നടന്നിട്ടില്ലാത്തതിനാൽ യു.എസിനുള്ള ഇളവുകളും മറ്റ് ബാധ്യതകളും  താൽക്കാലികമായി നിർത്തിവെക്കാനുള്ള അവകാശം ഇന്ത്യക്കുണ്ട് എന്ന് ഡബ്ല്യു.ടി.ഒ വിജ്ഞാപനത്തിൽ കൂട്ടിച്ചേർത്തു.

സുരക്ഷാ നടപടികൾ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ, പ്രതിവർഷം 2,895 ദശലക്ഷം യു.എസ് ഡോളർ ഇറക്കുമതിയെ ബാധിക്കും. അതിൽ നിന്നുള്ള തീരുവ പിരിവ് 723.75 ദശലക്ഷം യു.എസ് ഡോളർ ആയിരിക്കും. ഇക്കാരണത്താൽ ഇന്ത്യ നിർദേശിച്ച ഇളവുകൾ താൽക്കാലികമായി നിർത്തിവെക്കുന്നത് യു.എസിൽനിന്നുള്ള ഉൽപന്നങ്ങളിൽ നിന്ന് തുല്യമായ തുകയുടെ തീരുവ പിരിക്കുന്നതിന് കാരണമാകും. 

Tags:    
News Summary - Trade war amid deal talk? At WTO, India proposes retaliatory duties against US over auto tariffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.