ബി.ജെ.പിക്ക് മുസ്‍ലിം വോട്ട് വേണം; യു.പിയിൽ പുതിയ പ്രചാരണ തന്ത്രങ്ങളുമായി പാർട്ടി രംഗത്ത്

പുറമേക്ക് അതിരറ്റ ആത്മവിശ്വാസത്തി​ൽ മുക്കിയ അവകാശവാദങ്ങൾ എഴുന്നള്ളിക്കുമ്പോഴും 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ആധിയില്ലാതില്ല. ‘ഇക്കുറി 400 സീറ്റിന് മുകളിൽ’ എന്ന മുദ്രാവാക്യമുയർത്തുമ്പോഴും പ്രതിപക്ഷ ഐക്യം ഒരുപരിധിവരെ സാധ്യമാവുകയും ജാതി സമവാക്യങ്ങൾ വിധി നിർണയത്തെ സ്വാധീനിക്കുകയുമൊക്കെ ചെയ്താൽ സ്വപ്നങ്ങൾക്ക് തിരിച്ചടിയേൽക്കുമോയെന്ന ആശങ്ക അവരുടെയുള്ളിൽ ശക്തവുമാണ്. ഉത്തർ പ്രദേശിലെ മുസ്‍ലിം വോട്ടുകളെ ഏതുവിധേനയും സ്വാധീനിക്കാൻ പാർട്ടി പുതിയ പ്രചാരണ തന്ത്രങ്ങളുമായി രംഗത്തെത്തിയത് ആ ആശങ്കകളുടെ ഏറ്റവും വലിയ തെളിവായി മാറുന്നു.

പാർലമെന്റിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള മോഹവുമായി കളത്തിലിറങ്ങുന്ന ബി.ജെ.പി യു.പിയിലാണ് ഏറെ പ്രതീക്ഷ വെക്കുന്നത്. 80 ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് തിരിച്ചടിയേറ്റാൽ എല്ലാ കണക്കുകൂട്ടലുകളെയും അത് ബാധിക്കുമെന്ന് പാർട്ടി തിരിച്ചറിയുന്നുണ്ട്. തീവ്ര ഹിന്ദുത്വ അജണ്ടയുമായി പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങു​മ്പോഴും സംസ്ഥാനത്ത് 20 ശതമാനം ജനസംഖ്യയുള്ള മുസ്‍ലിം സമുദായത്തെ പ്രലോഭിപ്പിച്ചും അടുപ്പം കാട്ടിയും കൂടെ നിർത്താനുള്ള തന്ത്രങ്ങളാണിപ്പോൾ ബി.ജെ.പി ആവിഷ്കരിക്കുന്നത്. യു.പിയിൽ 29 മണ്ഡലങ്ങളിലെ​ങ്കിലും വിധി നിർണയിക്കാൻ തക്ക രീതിയിലുള്ള സ്വാധീനം മുസ്‍ലിം സമു​ദായത്തിനുണ്ടെന്നാണ് കണക്കുകൾ. 



പള്ളികളും മദ്റസകളും കേന്ദ്രീകരിച്ച് പ്രചാരണം

മുസ്‍ലിം വോട്ടർമാരെ ചാക്കിടാൻ യു.പിയിലെ പള്ളികളിലേക്കും മദ്റസകളിലേക്കും വരെ പ്രചാരണം വ്യാപിപ്പിക്കാനാണ് ബി.ജെ.പി പദ്ധതി. ഉർദുവിലും അറബിയിലും പ്രചാരണം നടത്തുകയെന്നതും പാർട്ടിയുടെ ആലോചനകളിലുണ്ട്. ലഖ്നോവിൽ ബുധനാഴ്ച ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് തുടക്കമിട്ടിട്ടു​മുണ്ട്. ഹസ്രത് കാസിം ഷാഹിദ് ദർഗയിലായിരുന്നു മുസ്‍ലിം വോട്ട് കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങൾക്ക് കൊടിയേറിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തുന്ന ‘മൻ കി ബാത്ത്’ പ്രസംഗങ്ങൾ ഉർദുവിൽ പ്രസിദ്ധീകരിച്ച് വിതരണം നടത്താനും പാർട്ടി ആലോചിക്കുന്നു.

യു.പിയിൽ മാത്രമല്ല, രാജ്യത്തുടനീളം മുസ്‍ലിം വോട്ട് വേണം

മുസ്‍ലിം വോട്ട് ആകർഷിക്കാനുള്ള ബി.ജെ.പി തന്ത്രങ്ങൾ ഉത്തർ പ്രദേശിൽ മാത്രം ഒതുങ്ങിനിൽക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. രാജ്യത്തുടനീളം ന്യൂനപക്ഷ വോട്ടുകൾ പാർട്ടിക്ക് അനുകൂലമായി നേടിയെടുക്കുകയാണ് പദ്ധതി. മുസ്‍ലിം വനിതകളുടെയും പസ്മന്ദ മുസ്‍ലിംകളുടെയും വോട്ടുകൾ ബി.ജെ.പി ഇക്കുറി കാര്യമായി ഉന്നമിടുന്നുണ്ട്. ബി.ജെ.പി നാഷനൽ എക്സിക്യുട്ടിവ് യോഗത്തിൽ മോദി തന്നെ ഇക്കാര്യം പരാമർശിച്ചിരുന്നു.

ദേശീയ വ്യാപകമായി ന്യൂനപക്ഷ വോട്ടുകൾ നേടിയെടുക്കാനുള്ള തന്ത്രങ്ങൾക്ക് ബി.ജെ.പി മൈനോരിറ്റി മോർച്ചയെ മുന്നിൽ നിർത്തും. ദേശീയ തലത്തിൽ നടത്തുന്ന പ്രചാരണങ്ങൾ മാർച്ച് പത്തിന് ഔദ്യോഗികമായി ആരംഭിക്കും. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മേൽക്കോയ്മയുള്ള 60 മണ്ഡലങ്ങളെ പ്രത്യേകം ഉന്നമിടാനാണ് ബി.ജെ.പി കരുക്കൾ നീക്കുന്നത്.


യു.പിയിലെ ആ 29 സീറ്റുകൾ...

ഉത്തർ പ്രദേശിൽ മുസ്‍ലിം സ്വാധീനമുള്ള 29 മണ്ഡലങ്ങളിലും ന്യൂനപക്ഷ മോർച്ചയെ മുന്നിൽനിർത്തിയാവും കളികൾ. തെരഞ്ഞെടുപ്പുകാലത്ത് 5000-10000 ​മുസ്‍ലിംകളെയെങ്കിലും പാർട്ടിയിൽ എത്തിക്കാനായെങ്കിൽ തങ്ങളുടെ തന്ത്രങ്ങൾക്ക് അത് കരുത്തുപകരുമെന്നും പാർട്ടി കണക്കുകൂട്ടുന്നുണ്ട്. പടിഞ്ഞാറൻ യു.പിയിലാണ് മുസ്‍ലിംകൾക്ക് സ്വാധീനമുള്ള കൂടുതൽ പാർലമെന്റ് മണ്ഡലങ്ങളുള്ളത്.


സഹാറൻപൂർ, മീററ്റ്, കൈരാന, ബിജ്നോർ, അംറോഹ, മൊറാദാബാദ്, രാംപൂർ, സംഭാൽ, ബുലന്ദ്ശർ, അലിഗഢ് തുടങ്ങിയ മണ്ഡലങ്ങൾ പടിഞ്ഞാറൻ യു.പിയിലാണ്. ഇതിൽ സഹാറൻപൂർ, ബിജ്നോർ, അംറോഹ, സംഭാൽ, മൊറാദാബാദ്, നാഗിന എന്നിവ നിലവിൽ ബി.ജെ.പിയുടെ കൈവശമുള്ളവയല്ല. രാംപൂരിൽ ജനറൽ ഇലക്ഷനിൽ തോറ്റ ബി.ജെ.പി 2022ൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾക്ക് ഒരുപോലെ സ്വാധീനമുള്ള സീറ്റുകളിൽ രാംപൂർ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചതുപോലെയുള്ള പിന്തുണ നേടാനായാൽ യു.പിയിലെ 80 സീറ്റിലും ജയിക്കാനാവുമെന്നാണ് പാർട്ടി പ്രതീക്ഷ പുലർത്തുന്നത്.

ബി.ജെ.പി പ്രതീക്ഷിക്കുന്നതു പോലെയാവില്ല കാര്യങ്ങൾ

മുസ്‍ലിം വോട്ട് ലക്ഷ്യമിട്ട് പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുമ്പോഴും യു.പിയിൽ പക്ഷേ, ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ട് ഇക്കുറി ബി.ജെ.പിക്ക് അനുകൂലമായി പതിയാൻ സാധ്യത വളരെ കുറവാണ്. മുമ്പുണ്ടായിരുന്ന തെരഞ്ഞെടുപ്പുകളിൽനിന്ന് വിഭിന്നമായി കൂടുതൽ ശ്രദ്ധയോടെ ഇക്കുറി ന്യൂനപക്ഷങ്ങൾ സമ്മതിദാനാവകാശം രേഖപ്പെടുത്തിയേക്കും. സമാജ് വാദി പാർട്ടിയും കോൺഗ്രസും സഖ്യമായി മത്സരിക്കുമ്പോൾ മുസ്‍ലിം വോട്ടുകളിലേറെയും ഇരുപാർട്ടികളിലേക്കുമായി ചായുമെന്നാണ് സൂചനകൾ. ബി.എസ്.പിയിൽനിന്ന് മുസ്‍ലിംകൾ ഏറക്കുറെ അകന്നുപോയതും ‘ഇൻഡ്യ’ മുന്നണിക്ക് അനുകൂലമാണ്.

Tags:    
News Summary - To Woo Muslims In Uttar Pradesh, BJP Comes Up With New Strategy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.