പട്ന: തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ബിഹാറിൽ നരേന്ദ്രമോദിയുടെ ആദ്യകാല ജീവിതം പ്രമേയമാക്കി സിനിമയുമായി ബി.ജെ.പി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പാർട്ടിയുടെ നീക്കം.
അതേസമയം, പ്രധാനമന്ത്രി മോദിയുടെ 75-ാം പിറന്നാളുമായി ബന്ധപ്പെട്ട് ‘സേവ പക്ഷാചരണ’മായി ആഘോഷിക്കുന്നതിനോടനുബന്ധിച്ചാണ് പരിപാടിയെന്നാണ് ബിഹാർ ബി.ജെ.പിയുടെ വിശദീകരണം. സിനിമ പ്രദർശനത്തിനായി പ്രത്യേക സ്ക്രീനുകളടക്കം സംവിധാനമൊരുക്കിയ 243 ‘സേവാ രഥ’ വാഹനങ്ങൾ ഓരോ നിയമസഭ മണ്ഡലത്തിലും പ്രചാരണം നടത്തും.
‘ചലോ ജീതേ ഹേ’ (വരൂ, ജീവിക്കാം!) എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ നരേന്ദ്രമോദിയുടെ ആദ്യകാല ജീവിതമാണ് പ്രമേയം. മോദി തന്റെ കുട്ടിക്കാലം ചെലവഴിച്ച, ഗുജറാത്തിലെ വഡ്നഗറിലുള്ള നരേന്ദ്ര അഥവാ നാരു എന്ന ബാലനെ കേന്ദ്രകഥാപാത്രമാക്കുന്നതാണ് ഹൃസ്വചിത്രം.
രാഷ്ട്രീയത്തിന്റെ യഥാർഥ ലക്ഷ്യം സേവനമാണെന്ന് ജനങ്ങളെ ബോധവത്കരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിഹാർ ബി.ജെ.പി വ്യക്തമാക്കി. പട്നയിലെ ഗാന്ധി മൈതാനത്ത് നിന്ന് ‘സേവാ രഥ’ വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തതിന്റെ വിവരങ്ങളും ബിഹാര്‍ ബി.ജെ.പി എക്‌സ് ഹാന്‍ഡിലിൽ പങ്കുവെച്ചിട്ടുണ്ട്.
‘വരും ദിവസങ്ങളില്‍ ഈ രഥങ്ങള്‍ ബിഹാറിലെ ഓരോ ഗ്രാമത്തിലും ഓരോ തെരുവിലും ഓരോ പ്രദേശത്തും എത്തും. രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം കേവലം അധികാരമല്ല, മറിച്ച് സമൂഹത്തിനുള്ള സേവനവും അവസാനത്തെ വ്യക്തിയിലേക്ക് വരെ മാറ്റം എത്തിക്കലുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും,‘ ബി.ജെ.പി എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു.
ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ഇക്കുറി നിതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു-ബി.ജെ.പി സഖ്യം കളത്തിലിറങ്ങുന്നത്. സംസ്ഥാനത്തെ മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാന തലത്തിൽ നടത്തുന്ന പ്രചാരണങ്ങളിലൂടെ പ്രതിരോധിക്കുക കൂടിയാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.