എം. കെ. സ്റ്റാലിൻ
ചെന്നൈ: ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും. ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിനുള്ളിലെ സീറ്റ് വിഭജനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അന്തിമമാക്കിയതിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
മാർച്ച് 30ന് നാമനിർദ്ദേശ നടപടികൾ ആരംഭിക്കുകയും മേയ് നാലിന് വോട്ടെണ്ണൽ നടത്തുകയും ചെയ്യും. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, എൻ.ഡി.എ, നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) എന്നിവയുൾപ്പെടെയുള്ള പ്രധാന പാർട്ടികൾ സഖ്യ ചർച്ചകൾ, സീറ്റ് വിഭജന ക്രമീകരണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രചാരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിനുള്ളിൽ, സീറ്റ് വിഭജന ചർച്ചകൾ ഭൂരിഭാഗവും പൂർത്തിയായി. ഡി.എം.കെ 164 മണ്ഡലങ്ങളിൽ മത്സരിക്കുമെന്നും ബാക്കിയുള്ള സീറ്റുകളിൽ സഖ്യകക്ഷികൾ സ്ഥാനാർഥികളെ നിർത്തുമെന്നും സൂചനയുണ്ട്. കോൺഗ്രസ് 28 സീറ്റുകളിൽ മത്സരിക്കും. ഡി.എം.ഡി.കെ 10 സീറ്റുകളിലും വിടുതലൈ ചിരുതൈഗൽ കക്ഷി (വി.സി.കെ) എട്ട് സീറ്റുകളിലും സി.പി.ഐയും സി.പി.എമ്മും അഞ്ച് സീറ്റുകളിൽ വീതവും മത്സരിക്കും.
എം.ഡി.എംകെക്ക് നാല് സീറ്റുകൾ അനുവദിച്ചു. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് (രണ്ട്), ഹ്യൂമനിസ്റ്റ് പീപ്പിൾസ് പാർട്ടി (രണ്ട്), കൊങ്ങുനാട് പീപ്പിൾസ് നാഷനൽ പാർട്ടി (രണ്ട്), ഹ്യൂമനിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി (ഒന്ന്), സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (ഒന്ന്), മുക്കുലത്തൂർ പുലിപ്പടൈ (ഒന്ന്), തമിഴ് ദേശിയ കച്ചി (ഒന്ന്) എന്നിവയാണ് മറ്റ് സഖ്യകക്ഷികൾ.
അന്തിമ കൂടിയാലോചനകൾ നടക്കുകയാണെന്നും സഖ്യകക്ഷികൾക്കുള്ള മണ്ഡല വിഭജനവും ഡി.എം.കെ.യുടെ സ്ഥാനാർഥി പട്ടികയും സ്റ്റാലിൻ ഇന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.സ്ഥാനാർഥി പ്രഖ്യാപനത്തിന് പുറമേ, എം.പി കനിമൊഴിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയും ഡി.എം.കെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. പ്രഖ്യാപനങ്ങൾക്ക് ശേഷം, ഏപ്രിൽ രണ്ടിന് തിരുവാരൂരിൽ നിന്ന് ഡി.എം.കെയുടെ സംസ്ഥാനവ്യാപക പ്രചാരണത്തിന് സ്റ്റാലിൻ തുടക്കം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.