ടിപ്പു സുൽത്താനെ പ്രകീർത്തിച്ച് രാഷ്ട്രപതി കോവിന്ദ്; ബി.ജെ.പിക്ക് പ്രതിഷേധം

ബംഗളൂരു: ടിപ്പു ജയന്തി ആഘോഷം സംബന്ധിച്ച് വിവാദം കത്തിനിൽക്കെ ടിപ്പു സുൽത്താനെ പ്രകീർത്തിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പ്രസംഗത്തിൽ ബി.ജെ.പിക്ക് അതൃപ്തി. വിധാൻ സഭയുടെ 60 ാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ചേർന്ന   സംയുക്ത നിയമസഭ സമ്മേളനത്തിലാണ് മൈസൂർ രാജാവായിരുന്ന ടിപ്പുവിനെ പ്രകീർത്തിച്ച് രാംനാഥ് കോവിന്ദ് സംസാരിച്ചത്. 

ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരചരമം വരിച്ച വ്യക്തിയായിരുന്ന ടിപ്പു എന്ന് ഗോവിന്ദ് എടുത്തുപറഞ്ഞു. ഹിന്ദുക്കളെ കൊന്നൊടുക്കുകയും സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും ചെയ്തയാളായിരുന്നു ടിപ്പു എന്ന് ബി.ജെ.പി നേതാക്കൾ ആക്ഷേപിക്കുന്നതിനിടെയാണ് കോവിന്ദ് ടിപ്പുവിനെ സ്വാതന്ത്ര്യസമര നേതാവായും ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരമൃത്യു വരിച്ച ആളായും ഉയർത്തിയത്. 

യുദ്ധ തന്ത്രങ്ങളിൽ സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിക്കുന്നതിൽ മുൻപന്തിയിൽ നിന്നയാളായിരുന്നു ടിപ്പു. മൈസൂർ റോക്കറ്റുകൾ പോലും  അദ്ദേഹം ഉപയോഗിച്ചു. യൂറോപ്യൻമാർ പോലും ഈ രീതിയാണ് പിന്നീട് പിൻതുടർന്നത്^  കോവിന്ദ് പറഞ്ഞു.

വൈവിധ്യങ്ങളുടെ നാടായിരുന്നു കർണാടക. ജൈന^ബുദ്ധ സംസ്കാരം നിലനിന്ന നാട്. ഇവിടത്തെ ശൃംഗേരിയിലാണ് ആദിശങ്കരാചാര്യർ മഠം സ്ഥാപിച്ചത്. ഗുൽബർഗയിലാണ് സൂഫി സംസ്ക്കാരം വളർച്ച പ്രാപിച്ചത്. ബസവാചാര്യയുടെ കീഴിൽ ലിംഗായത്ത് പ്രസ്ഥാനം ശക്തി പ്രാപിച്ചത് ഇവിടെയായിരുന്നു എന്നും കോവിന്ദ് പറഞ്ഞു. 

പ്രഭാഷണം അവസാനിപ്പിച്ചയുടൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കോവിന്ദിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഒരു പൗരൻ എന്ന നിലക്ക് കർണാടക നിയമസഭയെ അഭിസംബോധന ചെയ്ത രാഷ്ട്രപതിക്ക് അഭിനന്ദനം എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. 

രാഷ്ട്രപതിയുടെ ടിപ്പു പ്രസംഗം ബി.ജെ.പി പാളയത്തിൽ ഇപ്പോൾത്തന്നെ അസ്വാരസ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. രാഷ്ട്രപതിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

കർണാടക സർക്കാർ ടിപ്പു ജയന്തി ആഘോഷം സംഘടിപ്പിക്കുന്നതിന്‍റെ പേരിൽ കർണാടകയിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ പ്രകടമായ വാകപോര് നടക്കുന്നതിനിടെയായിരുന്നു രാംനാഥ് കോവിന്ദിന്‍റെ പ്രസംഗം. 

ടിപ്പു ജയന്തി ആഘോഷങ്ങളിൽ തന്നെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. ടിപ്പു നൂറുകണക്കിന് ഹിന്ദുക്കളെ കൊലപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിരുന്നു. ടിപ്പു ജയന്തി ആഘോഷങ്ങളെ മറ്റ് ബി.ജെ.പി എം.പി മാരും എതിർത്തിരുന്നു.

Tags:    
News Summary - Tipu a great warrior: President Ram Nath Kovind Read more at: https://www.oneindia.com/india/tipu-a-great-warrior-president-ram-nath-kovind-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.