ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
ശനിയാഴ്ച രാവിലെ 10 ജൻപഥിലെ തന്‍റെ വസതിയിൽ വെച്ച് സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥി പ്രതിനിധികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. പിന്നാലെ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുമായാണ് രാഹുൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ജനാധിപത്യവും ഭരണഘടനയും സ്വന്തം ഭാവിയും സംരക്ഷിക്കാൻ തെരുവിലിറങ്ങിയ രാജ്യത്തുടനീളമുള്ള വിദ്യാർഥികളെ രാഹുൽ അഭിനന്ദിച്ചു.
‘നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഷ്കരിക്കുന്നതിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ് ധർമേന്ദ്ര പ്രധാന്റെ രാജി. രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ; നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ജനാധിപത്യവും ഭരണഘടനയും സ്വന്തം ഭാവിയും സംരക്ഷിക്കാൻ ഉറച്ചുനിന്ന് തെരുവിലിറങ്ങിയ യുവതക്കും വിദ്യാർഥികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ’ -രാഹുൽ എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷമാപണം നടത്തണം, വിദ്യാർഥികൾക്കെതിരായ അതിക്രമത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണം എന്നീ രണ്ട് ആവശ്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ടെന്നും രാഹുൽ ഓർമപ്പെടുത്തി.
ഈ സർക്കാറിനെ മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നെന്നും ഭയപ്പെടേണ്ടതില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ രാജി ആവശ്യപ്പെട്ട് സി.ജെ.പിയും പ്രതിപക്ഷവും നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത്. സമരക്കാരുടെയും പ്രതിപക്ഷത്തിന്‍റെയും പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ല എന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. എന്നാൽ രാജിയിൽ പിന്നോട്ടില്ലെന്നു സമരക്കാർ ഉറപ്പിച്ചു പറഞ്ഞതോടെയാണ് ഒടുവിൽ മോദിയുടെ വിശ്വസ്തനായ ധർമേന്ദ്ര പ്രധാന് രാജിവെക്കേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.