‘സീനത്തി’നു പിന്നാലെ മറ്റൊരു കടുവ കൂടി ബംഗാളിലേക്ക്; വനപാലകർ ജാഗ്രതയിൽ

കൊൽക്കത്ത: ജാർഖണ്ഡിൽനിന്ന് അയൽ സംസ്ഥാനമായ ബംഗാളിലെ ജാർഗ്രാമിലേക്ക് കടുവ കടന്നതിനെത്തുടർന്ന് പശ്ചിമ ബംഗാളിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും ആശങ്കയിൽ. പൂർണ വളർച്ചയെത്തിയ ആൺ റോയൽ ബംഗാൾ കടുവ ഇപ്പോൾ കാങ്ക്‌രാജോർ വനമേഖലയിലുണ്ടെന്നും അതിന്റെ സഞ്ചാരം നിരീക്ഷിക്കുന്നുവെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ദെബൽ റോയ് പറഞ്ഞു.

ഒഡിഷയിൽ നിന്നുള്ള ‘സീനത്ത്’ എന്ന കടുവയെ ബംഗാളിലെ ബങ്കുരയിൽ പിടികൂടി രണ്ടാഴ്ചക്കു ശേഷമാണ് പുതിയ കാലടയാളങ്ങൾ വനപാലകരുടെ ശ്രദ്ധയിൽ പതിഞ്ഞത്. ഒഡിഷയിലെ സിമിലിപാൽ കടുവാ സങ്കേതത്തിൽ നിന്നായിരുന്നു സീനത്ത് പശ്ചിമ ബംഗാളിലേക്ക് കടന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ജാർഖണ്ഡിലെ വനപ്രദേശങ്ങളിൽ കറങ്ങിനടന്നതിനാൽ ഇത് സ്ഥിരവാസമുറപ്പിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ് റോയ് പറഞ്ഞു.

കന്നുകാലികളെ ഉപയോഗിച്ച് വനപാലകർ കെണിക്കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ കൂടുകളുടെ അടുത്ത് വരുന്ന ലക്ഷണമൊന്നും കാണിച്ചിട്ടില്ല. പ്രദേശത്ത് നിരവധി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും ഉണ്ട്.

കാടുമൂടിയ പ്രദേശങ്ങളിലേക്ക് പോകരുതെന്നും സന്ധ്യ കഴിഞ്ഞാൽ വീടുകളിൽനിന്ന് ദൂരെ മാറരുതെന്നും കന്നുകാലികൾ കാട്ടിലേക്ക് മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വനമേഖലക്ക് ചുറ്റും വകുപ്പ് താമസിയാതെ നൈലോൺ വേലി കെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 9 ന് ഒഡിഷയിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് കടന്ന സീനത്ത് കടുവ ഒഡിഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ 21 ദിവസത്തോളം ആണ് മുൾമുനയിൽ നിർത്തിയത്. റേഡിയോ കോളർ ഉണ്ടായിരുന്നതിനാൽ കടുവയുടെ സഞ്ചാരവഴികൾ നിരീക്ഷിച്ച് ഒടുവിൽ പിടികൂടുകയായിരുന്നു.

Tags:    
News Summary - Tiger crosses into West Bengal's Jhargram, forest personnel on alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.