ബംഗളൂരു: ചിത്രദുർഗ താലൂക്കിലെ കത്രാൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തിൽ മൂന്ന് തമിഴ്‌നാട് സ്വദേശികൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഒരാൾ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ശരവണ(31), അർജുൻ(28), സെന്തിൽ(29) എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ടവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ദുരന്തത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. മരിച്ചവരിൽ ഒരാളായ അർജുൻ തമിഴ്നാട് പൊലീസ് വകുപ്പിൽ ജോലി ചെയ്യുന്നയാളാണെന്നാണ് വിവരം. സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
ഇതേ വാഹനത്തിൽ സഞ്ചരിച്ചിരുന്ന സൽമാൻ, നവീൻ, ഗോകുൽ, സെന്തിൽ കുമാർ, രമേശ്, ഗൗതം എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രദുർഗ റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ചിത്രദുർഗ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.