മാസ്ക്ക് ധരിക്കാതെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച്കൊണ്ട് കാറിൽ സഞ്ചരിച്ചതിന് ഗുജറാത്തിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയതു. മൂവരും കാർ യാത്രയ്ക്കിടെ സംഗീതം ആസ്വദിച്ച്കൊണ്ട് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി. ട്രാഫിക് നിയമ ലംഘനം , അസഭ്യമായ പെരുമാറ്റം, പൊലീസിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന പ്രവൃത്തികൾ ചെയ്യൽ എന്നിവ ഉൾപ്പെടുത്തികൊണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതായി കച്ച് ഈസ്റ്റ് പൊലീസ് സൂപ്രണ്ടായ മയൂർ പാട്ടീൽ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ മൊബൈലിൽ ചിത്രീകരിച്ച വീഡിയോയിൽ യൂനിഫോമണിഞ്ഞ നാല് കോൺസ്റ്റബിൾമാർ സംഗീതത്തിനനുസരിച്ച് ആടിപ്പാടുന്നതാണ് കാണുന്നത്. കാർ ഓടിക്കുന്ന പൊലീസ് ഉദ്യോഗസന്‍ ഉൾപ്പടെ നാലുപേരും മാസ്ക്കും സീറ്റ് ബെൽറ്റും ധരിക്കാതെയാണ് ആടിപ്പാടുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണാം.
ഗാന്ധിധാം എ ഡിവിഷനിലെ കോൺസ്റ്റബിൾമാരായ ജഗദീഷ് സോളങ്കി, ഹരേഷ് ചൗധരി, രാജാ ഹിരാഗർ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വീഡിയോയിൽ കാണുന്ന നാലാമത്തെ കോൺസ്റ്റബിൾ തൊട്ടടുത്ത പൊലീസ് സ്റ്റേഷനായ ബനസ്കാന്തയിലെ ഉദ്യോഗസ്ഥനായതിനാൽ ആവശ്യമായ നടപടി സ്വീകരിക്കാൻ അവിടത്തെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.