ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയം ‘തെരഞ്ഞെടുപ്പ് മോഷണ’മാണെന്ന രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ. ബി.ജെ.പി തെരഞ്ഞെടുപ്പിനെ മോഷ്ടിക്കുകയായിരുന്നു, വിജയമല്ല. നമ്മൾ മമതക്കൊപ്പം നിൽക്കണം -കപിൽ സിബൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ നടത്തിയ കേന്ദ്രസേനയുടെ വിന്യാസവും അക്രമ സംഭവങ്ങളും അടിച്ചമർത്തലുകളുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു സിബലിന്റെ വിമർശനം.
പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് കമീഷനെയും കേന്ദ്രസേനകളെയും ഉപയോഗിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നും 25 ലക്ഷം വോട്ടർമാരുടെ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
‘പശ്ചിമബംഗാൾ, ടി.എം.സിയെ പരാജയപ്പെടുത്തിയത് ബി.ജെ.പിയല്ല. മറിച്ച്: തെരഞ്ഞെടുപ്പ് കമീഷൻ, കേന്ദ്രസേനകൾ (സി.എ.പി.എഫ്), ഒപ്പം 25 ലക്ഷം വോട്ടർമാരുടെ അവകാശനിഷേധവും. ഈ തെരഞ്ഞെടുപ്പ് മോഷ്ടിച്ചതാണ്, വിജയിച്ചതല്ല. നമ്മൾ മമതക്കൊപ്പം നിൽക്കണം’ -കപിൽ സിബൽ എക്സിൽ കുറിച്ചു.
2021ലെ തെരഞ്ഞെടുപ്പിൽ 1,10,000 കേന്ദ്രസേന ഉദ്യോഗസ്ഥരെയാണ് കേന്ദ്രം ബംഗാളിൽ വിന്യസിച്ചിരുന്നത്. സ്വതന്ത്ര ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വിന്യാസമായിരുന്നു ഇത്. എന്നാൽ, ഇത്തവണ രണ്ടരലക്ഷത്തോളം കേന്ദ്രസേന ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് സുരക്ഷയുടെ പേരിൽ കേന്ദ്രസർക്കാർ ബംഗാളിൽ വിന്യസിച്ചത്.
കൂടാതെ ബംഗാളിൽ എസ്.ഐ.ആറിന് ശേഷം 27 ലക്ഷത്തിലധികം വോട്ടർമാരെയാണ് അയോഗ്യരായി കണ്ടെത്തിയത്. അനർഹരെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് വോട്ടവകാശവും നിഷേധിച്ചിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പി കേന്ദ്രസർക്കാറിനെ ഉപയോഗിച്ച് ബംഗാൾ പിടിച്ചെടുക്കാനുള്ള നീക്കമാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.