സഞജയ് റാവത്ത്
മുംബൈ: 2024ൽ മഹാരാഷ്ട്രയിലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ 160 സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുപേർ വന്നിരുന്നതായുള്ള ശരത് പവാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് അതേ ഗ്രൂപ്പ് 60 മുതൽ 65 സീറ്റുവരെ വാഗ്ദാനം ചെയ്ത് തങ്ങളെയും സമീപിച്ചിരുന്നതായി വെളിപ്പെടുത്തി ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്തും രംഗത്ത്.
പാർട്ടി നേതാവ് ഉദ്ധവ് താക്കെറെയെ രണ്ടുപേർ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സമീപിച്ചിരുന്നു. എന്നാൽ, തങ്ങൾ സ്വീകരിച്ചില്ലെന്നും തങ്ങൾക്ക് ജനാധിപത്യത്തിൽ വിശ്വാസമുണ്ടെന്ന് അവരോട് പറഞ്ഞതായും സഞ്ജയ് റാവത്ത് പറഞ്ഞു. പിന്നീട് അസംബ്ലി തെരഞ്ഞെടുപ്പ് വന്നപ്പോഴും അവർ സമീപിച്ചു. മറ്റു പാർട്ടികൾ ഇത്തരത്തിൽ വോട്ടർ പട്ടികയിലും ഇ.വി.എമ്മിലും തിരിമറി നടത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തങ്ങൾ പരാജയം മുന്നിൽ കാണുന്നതായും അവർ പറഞ്ഞു. എന്നാൽ, അപ്പോഴും ഞങ്ങൾ നിരസിച്ചു.
ഞങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷനിൽ വിശ്വാസമുണ്ടെന്നാണ് അന്നു പറഞ്ഞത്. എന്നാൽ, അന്നവർ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ഇപ്പോൾ തോന്നുന്നു-സഞ്ജയ് റാവന്ത് പറഞ്ഞു.
ബി.ജെ.പിയുടെ പണത്തിന്റെ ബലത്തിൽ തെരഞ്ഞെടുപ്പുകളിൽ വ്യാപകമായ ക്രമക്കേടുകളാണ് നടക്കുന്നതെന്ന് റാവത്ത് ആരോപിച്ചു. നരേന്ദ്ര മോദിയും അമിത് ഷായും ദേവേന്ദ്ര ഫഡ്നാവിസും തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യുന്നതിൽ മിടുക്കുള്ളവരാണ്. ഇതിനായി ഏജന്റുമാരെ കരുതിവെച്ചിട്ടുണ്ട് അവരെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷനെതിരെ ഗുരുതരമായ ആരോപണമുണ്ടായിട്ടും ബി.ജെ.പി എന്താണ് മിണ്ടാത്തതെന്ന് എൻ.സി.പി (എസ്.പി) നേതാവ് രോഹിത് പവാർ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ ബ്രാഞ്ചാണോ ബി.ജെ.പിയെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് അട്ടിമറി സംഭവത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണത്തിൽ നിന്ന് ഇവർ പിൻമാറണമെന്നും അന്ന് എന്തുകൊണ്ടിവർ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചില്ലെന്നും ദേവേന്ദ്ര ഫഡ്നാവിസ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.