ഇന്ത്യ ബ്രിട്ടന്‍െറ ഏറ്റവും അടുത്ത സുഹൃത്ത് –തെരേസ മെയ്

ലണ്ടന്‍: ഇന്ത്യ ബ്രിട്ടന്‍െറ ഏറ്റവും അടുത്തതും പ്രധാനപ്പെട്ടതുമായ സുഹൃത്താണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ സഹകരണത്തെ കൂടുതല്‍ ദൃഢപ്പെടുത്തുന്നതാവും തന്‍െറ ഇന്ത്യ സന്ദര്‍ശനമെന്നും ഞായറാഴ്ച ‘സണ്‍ഡേ ടെലഗ്രാഫ്’ പത്രത്തിലെഴുതിയ ലേഖനത്തില്‍ മെയ് വ്യക്തമാക്കി.

ലോകത്തെ പ്രധാന ശക്തിയായി ഇന്ത്യയെ വിശേഷിപ്പിച്ച മെയ്, ചരിത്രപരമായും സാംസ്കാരികമായും ധാരാളം മൂല്യങ്ങള്‍ ഇരു രാജ്യങ്ങളും പങ്കിടുന്നതായും സന്ദര്‍ശനത്തിലൂടെ ഈ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. ‘യൂറോപ്പിന് പുറത്തുള്ള ആദ്യ സന്ദര്‍ശനത്തിന് ഞാന്‍ പുറപ്പെടുകയാണ്. ഇത് പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ വ്യാപാര ദൗത്യവുമാണ്. ബ്രിട്ടന്‍ തുറന്ന സമീപനമാണ് സ്വികരിക്കുന്നതെന്ന സന്ദേശമാണ് സന്ദര്‍ശനത്തിനുള്ളത്. ബ്രക്സിറ്റിലൂടെ ഉണ്ടായ അവസരം ഉപയോഗപ്പെടുത്തി ലോകത്തെ സ്വതന്ത്ര വ്യാപാരത്തിന്‍െറ കേന്ദ്രമായി ബ്രിട്ടനെ മാറ്റും’ -അവര്‍ ലേഖനത്തില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ‘മേക് ഇന്‍ ഇന്ത്യ’, ‘ഡിജിറ്റല്‍ ഇന്ത്യ’ തുടങ്ങിയ പദ്ധതികളുമായി സഹകരിക്കുമെന്നും മെയ് വ്യക്തമാക്കുന്നുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പ്രതിരോധ, സുരക്ഷ, വ്യാപാര വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വിപുലമാക്കുന്നതിനുള്ള ആലോചനകളുണ്ടാകുമെന്നും ബ്രിട്ടീഷ് വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച ഹൈദരാബാദ് ഹൗസിലാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും  ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയും കൂടുതല്‍ തൊഴിലും രൂപപ്പെടുത്തുന്നതിനുമായിരിക്കും ചര്‍ച്ചയില്‍ മുന്‍ഗണന.
തിങ്കളാഴ്ച നടക്കുന്ന ഇന്ത്യ-യു.കെ ടെക് സമ്മിറ്റായിരിക്കും സന്ദര്‍ശനത്തിലെ ആദ്യ പരിപാടി. ചര്‍ച്ചകള്‍ക്ക് ശേഷം ഇരു പ്രധാനമന്ത്രിമാരും സംയുക്ത പ്രസ്താവന പുറത്തിറക്കും. ന്യൂഡല്‍ഹിയിലെ ഗാന്ധിസ്മൃതിയിലും ഇന്ത്യ ഗേറ്റിലും സന്ദര്‍ശനം നടത്തും. ചൊവ്വാഴ്ച ബംഗളൂരുവിലത്തെുന്ന മെയ് വ്യാപാര സംബന്ധമായ കൂടിക്കാഴ്ചകള്‍ നടത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം വ്യാപാര പ്രതിനിധികളോടൊപ്പം നടത്തുന്ന ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനമാണിത്.

Tags:    
News Summary - theresa may

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.