ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിനിരയാവുകയും ഏഴ് കുടുംബാംഗങ്ങളെ നഷ്ടപ്പെടുകയും ചെയ്ത ബിൽക്കീസ് ബാനുവിന് പിന്തുണയുമായി പഞ്ചാബി ഗായകൻ റബ്ബി ഷേർഗിൽ. ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ മോചിപ്പിച്ച നടപടിക്ക് പിന്നാലെയാണ് ഗായകൻ രംഗത്തെത്തിയത്. നിങ്ങൾ പഞ്ചാബിലേക്ക് വരൂവെന്നും അവസാന തുള്ളി രക്തവും നൽകി നിങ്ങളെ സർദാർമാർ സംരക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. 2002ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ബാനുവിനോടുള്ള അതിക്രമം വിഷയമാക്കിയ 'ബിൽക്കീസ്' എന്ന ഗാനത്തിലൂടെ ഒരിക്കൽ രാജ്യത്തെ ഇളക്കിമറിച്ച ഷേർഗിൽ എൻ.ഡി.ടി.വിയോട് സംസാരിക്കുകയായിരുന്നു.
കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികൾക്കും ആഗസ്റ്റ് 15ന് ഗുജറാത്തിലെ ബി.ജെ.പി സർക്കാർ മോചനത്തിന് അവസരമൊരുക്കുകയായിരുന്നു. ഈ നടപടി പ്രതിപക്ഷ പാർട്ടികളുടെ രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു. 15 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് പ്രതികളിലൊരാൾ മോചനാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തിന്റെ 1992ലെ ഇളവ് നയം അനുസരിച്ച് ഇളവ് ലഭിക്കാനുള്ള പ്രതികളുടെ ഹരജി പരിഗണിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു. തുടർന്നാണ് പ്രത്യേക സമിതിയെ നിയോഗിച്ച് പ്രതികളെ വിട്ടയക്കാൻ അവസരമൊരുക്കിയത്. കേസിലെ 11 പ്രതികൾക്കും 2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെക്കുകയും ചെയ്തു.
2002 മാർച്ച് മൂന്നിനാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുകയും അവളുടെ കുടുംബത്തിലെ ഏഴുപേർ കൊല്ലപ്പെടുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.