ന്യൂഡല്‍ഹി: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ, വോട്ടര്‍ പട്ടിക പരിഷ്കരിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു. വോട്ടര്‍പട്ടികയില്‍ തിരക്കിട്ട് പ്രത്യേക പുതുക്കല്‍ നടത്തുന്നതിനെയാണ് കോടതി വിമര്‍ശിച്ചത്. വോട്ടര്‍പട്ടികയില്‍ നടത്തുന്ന പരിശോധനയല്ല പ്രശ്‌നമെന്നും എന്നാല്‍ അത് നടത്തുന്ന സമയമാണ് പ്രശ്നമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സുധാന്‍ഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നവരടങ്ങിയ ബെഞ്ചാണ് വോട്ടര്‍പട്ടിക പുതുക്കലിനെതിരെ എത്തിയ ഹരജികള്‍ പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാനുസൃതമാണെന്ന് സുപ്രീംകോടതി പറഞ്ഞു. പൗരരല്ലാത്തവര്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടാകാന്‍ പാടില്ല. എന്നാൽ, തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണോ പുതുക്കലിന് സമയം ലഭിച്ചതെന്ന് കോടതി ചോദിച്ചു.
വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് അക്കാര്യം കോടതിയെ അറിയിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പറഞ്ഞു. കോടതിയുടെ അനുമതിയോടെ മാത്രമേ അടുത്ത നടപടിയിലേക്ക് കടക്കൂ. ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ തോതില്‍ ആളുകളെ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും അത് വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസം പ്രത്യേക വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് കമീഷന്‍ ഉത്തരവിട്ടത്.
കമീഷന്‍റെ നടപടി ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശങ്കരനാരായണന്‍ കോടതിയില്‍ ആരോപിച്ചു. കമീഷന്റെ അധികാരത്തെയല്ല, മറിച്ച് അത് നടത്തുന്ന രീതിയെ മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിലോ ചട്ടങ്ങളിലോ ഇല്ലാത്ത തീവ്രപരിഷ്‌കരണമാണ് കമ്മീഷന്‍ നടത്തുന്നതെന്നും ഹരജിക്കാര്‍ ആരോപിച്ചു. ആർ.ജെ.ഡി, യോഗേന്ദ്ര യാദവ്, സന്നദ്ധ സംഘടനകള്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്.
ഇത് ചരിത്രത്തിലെ തന്നെ ആദ്യത്തെ നടപടിയാണെന്നും വിവേചനപരമാണെന്നും ഹരജിക്കാര്‍ ആരോപിച്ചു. ആധാറിനെ തിരച്ചറിയല്‍ രേഖയില്‍നിന്ന് ഒഴിവാക്കിയതിനെയും ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തു. എന്നാല്‍, ആധാര്‍ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.