പൊലീസ് പേര് ചോർത്തി നൽകി; ബ്രിജ്ഭൂഷൺ ഭീഷണിപ്പെടുത്തുന്നു’

‘ന്യൂഡൽഹി: ലൈംഗികാതിക്രമം നടത്തിയ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ഇരകളെ ഭീഷണിപ്പെടുത്തുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രക്ഷോഭരംഗത്തുള്ള ദേശീയ ഗുസ്തി താരങ്ങൾ.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും വിനേഷ് ഫോഗാട്ട്, സാക്ഷി മലിക്, ബജ്റങ് പുനിയ തുടങ്ങിയ ഗുസ്തി താരങ്ങൾ ചൊവ്വാഴ്ച ഡൽഹിയിൽ വ്യക്തമാക്കി. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രക്ഷോഭരംഗത്തുള്ള താരങ്ങൾക്ക് പിന്തുണയുമായി നിരവധി രാഷ്ട്രീയ നേതാക്കളും കർഷക സംഘടനകളും ജന്തർ മന്തറിൽ എത്തി.

ഇരകളെ ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം ചെയ്തും വശത്താക്കാൻ ശ്രമിക്കുകയാണ് ബ്രിജ് ഭൂഷണെന്ന് ഇവർ ആരോപിച്ചു. ഇതിനായി ഡൽഹി പൊലീസ് ഇരകളുടെ പേരുകൾ ഭൂഷണ് ചോർത്തി നൽകിയെന്നും വിനേഷ് ഫോഗാട്ട് ആരോപിച്ചു. ‘‘ഹരിയാന ഗുസ്തി അസോസിയേഷൻ സെക്രട്ടറി ജനറൽ രാഷേക്, കോച്ച് മഹാവീർ പ്രസാദ് ബിഷ്‍ണോയ് എന്നിവരെ ഉപയോഗിച്ചാണ് ഇരകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. പരാതിക്കാരുടെ പേരുകൾ ഇപ്പോൾ ഭൂഷണ് അറിയാം. ഡൽഹി പൊലീസാണ് ഇത് ചോർത്തി നൽകിയത്. ഇരകളെ ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് പൊലീസ് കേസെടുക്കൽ വൈകിക്കുന്നത്’’ -വിനേഷ് മാധ്യമങ്ങളോടു പറഞ്ഞു. ‘‘കായിക മന്ത്രാലയം നീതിനൽകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എന്നാൽ, കോടതിയിൽ വിശ്വാസമുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സുപ്രീംകോടതി ഏറ്റെടുത്താൽ പിന്നെ ഭയക്കാനില്ല. അവരുടെ ഒരു ശ്രമവും വിലപ്പോവില്ല. വെറും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതുകൊണ്ടായില്ല. ഭൂഷണെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണം. അല്ലാതെ ഞങ്ങൾ എന്തു ധൈര്യത്തിൽ പരിശീലനത്തിനിറങ്ങും.’’ -വിനേഷ് കൂട്ടിച്ചേർത്തു. താരങ്ങൾക്കൊപ്പം പ്രതിഷേധത്തിനിറങ്ങാത്തതുകൊണ്ടാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് കോച്ച് മഹാവീർ പ്രസാദ് പ്രതികരിച്ചു.

Tags:    
News Summary - The police leaked the name; Brijbhushan threatens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.