‘‘പഴയതൊക്കെ അടഞ്ഞ അധ്യായം..പുതിയ എഴുത്തുലോകത്തേക്ക് ഞാൻ ചുവടുവെച്ചു; പ്രസിദ്ധീകരണത്തിനുമുമ്പ് കൈയെഴുത്തുപ്രതികൾ പരിശോധിക്കുന്നതിൽ തെറ്റില്ല’’ -ജനറൽ മുകുന്ദ് നരവനെ

ന്യൂഡൽഹി: തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ച അധ്യായമാണെന്നും പുതിയ എഴുത്തുലോകത്തേക്ക് താൻ ചുവടുവെച്ചെന്നും മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. 'ദി ക്യൂരിയസ് ആൻഡ് ദി ക്ലാസിഫൈഡ്' (The Curious and the Classified) എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. പ്രതിവർഷം ഒരു പുസ്തകം വീതം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഫിക്ഷനും നോൺ ഫിക്ഷനും ഉൾപ്പെടെ നിരവധി വിഭാഗങ്ങളിൽ എഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന നരവനെയുടെ പ്രസിദ്ധീകരിക്കാത്ത കൃതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. എങ്കിലും, തന്നെപ്പോലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥർ സ്വന്തം കൈയെഴുത്തുപ്രതികൾ പ്രസിദ്ധീകരണത്തിനുള്ള അനുമതിക്ക് സമർപ്പിക്കുന്നതിൽ നിയമങ്ങളോ മാർഗനിർദേശങ്ങളോ നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു.

'വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ കൃതികൾ പ്രസിദ്ധീകരണത്തിനുമുമ്പ് പരിശോധിക്കപ്പെടുന്നതിൽ തെറ്റൊന്നുമില്ല. വിരമിച്ച സൈനിക എഴുത്തുകാർക്കായി നിയമങ്ങൾ നിർമിക്കാവുന്നതാണ്. തന്റെ ആത്മകഥയുടെ കൈയെഴുത്തുപ്രതി പരിശോധനയ്ക്കായി നൽകുന്നതിൽ കാലതാമസം വരുത്തിയോ എന്ന ചോദ്യത്തിന്, അതിന്റെ മറുപടി പ്രസാധകരായ പെൻഗ്വിനോടാണ് ചോദിക്കേണ്ടതെന്ന് അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

ആത്മകഥ എഴുതിയതിൽ എനിക്ക് സംതൃപ്തിയുണ്ട്, അത് അവിടെ അവസാനിച്ചു, വിവാദങ്ങളിലുടനീളം സർക്കാർ തനിക്ക് പിന്തുണ നൽകിയിരുന്നു. പാർലമെന്റിൽ നടന്ന ബഹളങ്ങളുമായി എനിക്കോ എന്റെ പ്രസാധകർക്കോ യാതൊരു ബന്ധവുമില്ലായിരുന്നു. പിന്നെ എന്തിന് അസ്വസ്ഥനാകണമെന്നും ഇപ്പോഴും സന്തോഷകരമായ വിരമിക്കൽ ജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും കൂടുതൽ പുസ്തകങ്ങൾ എഴുതാനാണ് ആഗ്രഹം. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രൂപ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന 'ദി ക്യൂരിയസ് ആൻഡ് ദി ക്ലാസിഫൈഡ്' എന്ന പുതിയ പുസ്തകം സൈനികരുടെ ജീവിതത്തിലെ കൗതുകകരമായ കഥകളും പാരമ്പര്യങ്ങളും അടങ്ങുന്നതാണ്. ശശി തരൂരിന്റെ 'എ വണ്ടർലാൻഡ് ഓഫ് വേർഡ്‌സ്' (A Wonderland of Words) എന്ന പുസ്തകം വായിക്കാനിടയായതാണ് ഇന്ത്യൻ സൈന്യത്തെ കേന്ദ്രീകരിച്ച് ഇത്തരമൊരു പുതിയ കൃതി രചിക്കാൻ തനിക്ക് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഡസനോളം കഥകളാണ് പുതുതായി ഇറക്കിയ കഥാസമാഹാരത്തിൽ നരവാനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സൈനിക സല്യൂട്ടുകളുടെ പ്രതീകാത്മകതയെക്കുറിച്ചും, 'മിസ്സിങ് മാൻ ഫ്ലൈപാസ്റ്റ്' (Missing Man flypasts) എന്ന ആദരപ്രകടനത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും പുസ്തകം വിവരിക്കുന്നുണ്ട്. 'ഓ ക്യാപ്റ്റൻ! മൈ ക്യാപ്റ്റൻ' എന്ന അധ്യായത്തിൽ, കപ്പൽ മുങ്ങുമ്പോൾ അതിനൊപ്പം താഴേക്ക് പോകുന്ന കമാൻഡറുടെ അവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലെ ഐ.എൻ.എസ് കുക്രി ശത്രുക്കളുടെ ആക്രമണത്തിൽ തകർന്നപ്പോൾ ജീവൻ ബലിനൽകിയ ക്യാപ്റ്റനെക്കുറിച്ചും നരവനെ പ്രതിപാധിക്കുന്നുണ്ട്.

Tags:    
News Summary - The old chapter is closed..I have stepped into a new world of writing; There is nothing wrong with checking manuscripts before publication - General Mukund Naravane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.