ദേശീയപതാക നിർമിക്കുന്നത് മുസ്‌ലിം കമ്പനി; 'ഹർ ഘർ തിരംഗ' ബഹിഷ്‌കരിക്കാൻ ആഹ്വാനവുമായി യതി നരസിംഹാനന്ദ്

ഡൽഹി: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഹർ ഘർ തിരംഗ' കാമ്പയിൻ ബഹിഷ്‌കരിക്കാൻ ആഹ്വാനവുമായി വിവാദ ഹിന്ദു പുരോഹിതൻ യതി നരസിംഹാനന്ദ്. ദേശീയപതാക നിർമിക്കുന്നത് ബംഗാളിൽനിന്നുള്ള മുസ്‌ലിം കമ്പനിയാണെന്നും ഇതിന്റെ ഉടമ സലാഹുദ്ദീൻ എന്നയാളാണെന്നും അതിനാൽ ഹിന്ദുക്കൾ ആരും പതാക വാങ്ങരുതെന്നുമാണ് ആഹ്വാനം. നരസിംഹാനന്ദിന്റെ പരാമർശങ്ങളുടെ വിഡി​യോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

''ഹിന്ദുക്കളോട് ഒരു അപേക്ഷയുണ്ട്. ദേശീയപതാകയുടെ പേരിൽ ഒരു വലിയ കാമ്പയിൻ ഇപ്പോൾ രാജ്യത്ത് നടക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയാണ് അത് നടത്തുന്നത്. ഇതിനായി ഏറ്റവും കൂടുതൽ പതാക ഓർഡർ ചെയ്തിരിക്കുന്നത് ബംഗാളിൽനിന്നുള്ള ഒരു കമ്പനിയിൽനിന്നാണ്. സലാഹുദ്ദീൻ എന്നു പേരുള്ള ഒരു മുസ്‌ലിമാണ് അതിന്റെ ഉടമ. മുസ്‌ലിംകൾക്ക് പണം നൽകുന്ന ഈ പതാക കാമ്പയിൻ ബഹിഷ്‌കരിക്കണം. വീട്ടിൽ പതാക കെട്ടണമെങ്കിൽ ഏതെങ്കിലും പഴയത് എവിടെയെങ്കിലും ഉണ്ടെങ്കിൽ എടുത്തുവെക്കുക. ഈ വഴിക്ക് സലാഹുദ്ദീന് ഒരു പൈസ പോലും നൽകരുത്. ഈ നേതാക്കന്മാർക്ക് ഒരു പാഠം കൂടിയാകണമത്. ദേശീയപതാകയെ തന്നെ ബഹിഷ്‌കരിക്കണം. ഈ കൊടിയാണ് നിങ്ങളെ നശിപ്പിച്ചത്. എല്ലാ ഹിന്ദുവിന്റെ വീട്ടിലും ഭഗവധ്വജമാണ് ഉണ്ടാകേണ്ടത്'' നരസിംഹാനന്ദ് ആഹ്വാനം ചെയ്യുന്നു.

''ലോകത്തെ ഏറ്റവും വലിയ കപടന്മാർ ഹിന്ദുക്കളാണ്. മുസ്‌ലിംകളുടെ വാണിജ്യ സ്ഥാപനങ്ങൾ ബഹിഷ്‌കരിക്കാൻ ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുന്നവർ ഭരണത്തിലെത്തിയാൽ സർക്കാർ കരാറുകൾ പോലും മുസ്‌ലിംകൾക്കാണ് നൽകുന്നത്. നിങ്ങളുടെ പണംകൊണ്ട് തന്നെ മുസ്‌ലിംകളെ പണക്കാരാക്കി നിങ്ങളുടെ മക്കളുടെ കൊലക്ക് ഉത്തരവാദിയാകരുത്. ഹിന്ദുക്കളുടെ പണം മുസ്‌ലിംകൾ ജിഹാദിന് വേണ്ടി സക്കാത്ത് നൽകുകയാണ് ചെയ്യുന്നത്. ആ സകാത്ത് ഉപയോഗിച്ചാണ് നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും അന്ത്യംകുറിക്കുന്നത്'' -വിഡിയോയിൽ ആരോപിക്കുന്നു.

വിദ്വേഷ പ്രസംഗത്തിലൂടെ നിരന്തരം വിവാദമുണ്ടാക്കുന്നയാളാണ് യതി നരസിംഹാനന്ദ്. മുസ്‌ലിം വംശഹത്യക്ക് ആഹ്വാനമുണ്ടായ, ഏറെ കോളിളക്കം സൃഷ്ടിച്ച ഹരിദ്വാർ ധർമസൻസദ് ഹിന്ദുത്വ സമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നു. പരിപാടിക്കെതിരെ വൻ വിമർശനമുയർന്നതിനു പിന്നാലെ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു. ഇന്ത്യ ഇസ്‍ലാമിക രാജ്യമാകാതിരിക്കാൻ ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ പ്രസവിക്കണമെന്ന് മറ്റൊരിക്കൽ ആഹ്വാനം ചെയ്തിരുന്നു. ജൂലൈ 16ന് മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ദാസ്നാദേവി ക്ഷേത്രത്തിലെ പൂജാരി കൂടിയായ യതി നരസിംഹാനന്ദ സരസ്വതിക്കെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു.

Tags:    
News Summary - The national flag is made by a Muslim company; Yati Narsinghanand calls for boycott of 'Har Ghar Tiranga'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.