ബി.ജെ.പിയിലെ ഇഷ്ടപ്പെട്ട നേതാവ് ആരെന്ന് ജെൻ സി, വെളിപ്പെടുത്തി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ വിദ്യാർഥികളുമായും 'ജെൻ സി' തലമുറയുമായും സംവദിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻസ്റ്റഗ്രാമിലെ 'ആസ്ക് മി എനിതിങ്' സെഷനിലൂടെയാണ് യുവാക്കളുടെ വിവിധ ചോദ്യങ്ങൾക്ക് രാഹുൽ രസകരമായി മറുപടി നൽകിയത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കോൺഗ്രസിന് പുറത്ത് തനിക്ക് ഇഷ്ടപ്പെട്ട ബി.ജെ.പി നേതാവ് ആരാണെന്ന ചോദ്യത്തിനുള്ള രാഹുലിന്റെ മറുപടിയാണ്.
മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പേരാണ് രാഹുൽ ഗാന്ധി പറഞ്ഞത്. "തീർച്ചയായും അത് ക്യാപ്റ്റൻ അമരീന്ദർ സിങ്ങാണ്. എനിക്ക് അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്. അദ്ദേഹം വളരെ കൂളാണ്. സൈനിക ചരിത്രത്തിൽ വലിയ വിദഗ്ധനുമാണ് അദ്ദേഹം, അതിനാൽ എനിക്കദ്ദേഹത്തെ വളരെ ഇഷ്ടമാണ്," രാഹുൽ വ്യക്തമാക്കി. 'ഹലോ, അങ്കിൾ അമരീന്ദർ' എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞാണ് രാഹുൽ ഈ വീഡിയോ അവസാനിപ്പിക്കുന്നത്.
കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന അമരീന്ദർ സിങ് രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. 2021-ൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അദ്ദേഹം പിന്നീട് പാർട്ടി വിടുകയും പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിക്കുകയും ചെയ്തു. 2022-ൽ ഈ പാർട്ടി ബി.ജെ.പിയിൽ ലയിക്കുകയായിരുന്നു. മുൻകാലങ്ങളിൽ ഇരുവരും കോൺഗ്രസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നെങ്കിലും അമരീന്ദർ പാർട്ടി വിടുന്ന സമയത്ത് ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു.
രാഷ്ട്രീയത്തിന് പുറമെ മറ്റ് രസകരമായ ചോദ്യങ്ങളും സെഷനിൽ ഉയർന്നു. ഒരു നായയുടെ ഉടമയാകുന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന ചോദ്യത്തിന്, താനൊരു നായയുടെയും ഉടമയല്ലെന്നും നായകളുമായി ഒരിടം പങ്കിടുകയാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി.
"നായകൾ നമ്മുടെ സ്വന്തമാണെന്ന് ഞാൻ കരുതുന്നില്ല, അവർ നമുക്കൊപ്പം ഈ ഭൂമിയിലുള്ളവരാണ്. അവർ നമ്മുടെ സ്നേഹവും ബഹുമാനവും അർഹിക്കുന്നുണ്ട്," മാതാവ് സോണിയ ഗാന്ധിയുടെ വളർത്തുനായയായ നൂറയ്ക്കൊപ്പം പങ്കിട്ട വീഡിയോയിൽ രാഹുൽ പറഞ്ഞു.
ഏത് ദാർശനിക ആശയത്തോടാണ് കൂടുതൽ താല്പര്യം എന്ന ചോദ്യത്തിന് ഗൗതമ ബുദ്ധൻ, ഗുരു നാനക് ദേവ്, ബസവേശ്വരൻ, ശ്രീനാരായണ ഗുരു, ബിർസ മുണ്ട, പെരിയാർ, മഹാത്മാ ജ്യോതിറാവു ഫൂലെ, ഡോ. ബി.ആർ. അംബേദ്കർ, മഹാത്മാഗാന്ധി തുടങ്ങി ഇന്ത്യൻ ഭരണഘടനയെ രൂപപ്പെടുത്തിയ ചിന്താധാരകളോടാണ് തനിക്ക് താല്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾ രാജ്യത്തിന്റെ ശക്തിയാണെന്നും വിദ്യാഭ്യാസ രംഗത്തും കോർപ്പറേറ്റ് തൊഴിലിടങ്ങളിലും വനിതകളെ പരിഗണിക്കുന്ന രീതി ഇനിയും മാറേണ്ടതുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
'നിങ്ങളൊരു ബാറ്റ്മാനാണോ?' എന്ന കൗതുകകരമായ ചോദ്യത്തിന്, 'ഞാനും ബാറ്റ്മാനും ഒരേ മുറിയിലിരിക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ലല്ലോ!' എന്നായിരുന്നു രാഹുലിന്റെ ചിരിയുണർത്തുന്ന മറുപടി.
അതേസമയം, ആർ.എസ്.എസ് നിയന്ത്രിക്കുന്ന രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ചിന്തിക്കുന്ന തലമുറയെ ഇല്ലാതാക്കുകയാണെന്ന രൂക്ഷവിമർശനവും അദ്ദേഹം സെഷനിൽ ഉന്നയിച്ചു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വലിയ രീതിയിൽ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.