ഡൽഹി തുർക്മാൻഗേറ്റിൽ ബുൾഡോസർ രാജിൽ നിലംപരിശായ കെട്ടിടങ്ങൾ
ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്ത് തുർക്ക്മാൻ ഗേറ്റ് പരിസരം ഇടിച്ചുനിരത്തിയ സഞ്ജയ് ഗാന്ധിയുടെ നടപടിയെ ഓർമിപ്പിക്കുന്നതായിരുന്നു ബുധനാഴ്ച പുലർച്ച ഒന്നര മണിക്ക് തുർക്മാൻഗേറ്റിലെ സയ്യിദ് ഫൈസേ ഇലാഹി മസ്ജിദ് പരിസരത്തെ ബുൾഡോസർ രാജ്. 1976 ഏപ്രിലിലാണ് സഞ്ജയ് ഗാന്ധിയുടെ ഉത്തരവനുസരിച്ച് തുർക്ക്മാൻ ഗേറ്റിന് ചുറ്റുമുള്ള ചേരികളും കെട്ടിടങ്ങളും ഇടിച്ചു നിരപ്പാക്കിയത്. നടപടിക്കെതിരെയുണ്ടായ പ്രതിഷേധം അക്രമാസക്തമായതോടെ നിരവധി ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങൾ ഭവനരഹിതരാക്കപ്പെടുകയും ചെയ്തു.
സഞ്ജയ് ഗാന്ധി 1976 ഏപ്രിലിൽ തുർക്മാൻ ഗേറ്റ് സന്ദർശിച്ചപ്പോൾ ഇവിടെനിന്നും ജുമാ മസ്ജിദ് വ്യക്തമായി കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയുണ്ടായി. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിശ്വസ്ത സഹായിയും അന്നത്തെ ഡൽഹി വികസന അതോറിറ്റി വൈസ് ചെയർമാനുമായ ജഗ്മോഹൻ മൽഹോത്ര അത് ഒരു ഉത്തരവായി കണക്കാക്കി തുർക്ക്മാൻ ഗേറ്റിനും ജുമാ മസ്ജിദിനും ഇടയിൽ നിൽക്കുന്ന എല്ലാ ചേരികളും കെട്ടിടങ്ങളും നീക്കാൻ ഉത്തരവിടുകയുമായിരുന്നു.
പൊളിക്കലിനെതിരെ പ്രതിഷേധം ഉയർന്നതോടെ തൊഴിലാളികൾ ആദ്യം നടപ്പാതകളാണ് ഒഴിപ്പിച്ചത്. വീടുകൾ തകർക്കില്ലെന്ന് അധികൃതർ പറഞ്ഞെങ്കിലും മണ്ണുമാന്ത്രി യന്ത്രത്തിന്റെ സാന്നിധ്യം ആളുകളിൽ സംശയമുണ്ടാക്കി. ബുൾഡോസർ നടപടി തടയാൻ ഇരകൾ ജഗ്മോഹനെ കാണാൻ പോയപ്പോഴേക്കും ചേരികളും കുടിലുകളും ഇടിച്ചുനിരത്തിക്കഴിഞ്ഞിരുന്നു.
തങ്ങളുടെ സ്വപ്നങ്ങൾക്ക് മേൽ മണ്ണുമാന്ത്രി യന്ത്രം ഉരുളുന്നത് കണ്ട് പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ളവർക്ക് നേരെ പാഞ്ഞെത്തിയത് വെടിയുണ്ടകളാണ്. ഔദ്യോഗിക രേഖകൾ അനുസരിച്ച് ആറു പേരാണ് അന്ന് കൊല്ലപ്പെട്ടത്. യഥാർഥ മരണങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്ന് നിരവധി എഴുത്തുകാർ അവരുടെ പുസ്തകങ്ങളിൽ പറയുന്നു. മുതിർന്ന പത്രപ്രവർത്തകൻ കുൽദീപ് നയ്യാറിന്റെ ‘ദ ജഡ്ജ്മെന്റ്’ എന്ന പുസ്തകത്തിൽ പൊലീസ് വെടിെവപ്പിൽ 150 പേർ കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്.
ബുധനാഴ്ച പുലർച്ച ഒന്നരയോടെ 32 ജെ.സി.ബികളും 300 ജീവനക്കാരും വൻ പൊലീസ് സന്നാഹവും ഇരച്ചെത്തിയതോടെ അടിയന്തരാവസ്ഥ കാലത്തെ ആ ഭയാനകമായ സംഭവമാണ് തുർക്മാൻ ഗേറ്റിലെ മുതിർന്നവരുടെ മനസ്സിലെത്തിയത്. പൊളിക്കലിനെതിരെ പ്രതിഷേധമുണ്ടാവുകയും കല്ലേറിലേക്ക് എത്തുകയും ചെയ്തതോടെ പൊലീസ് നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചു.
ന്യൂഡല്‍ഹി: കൈയേറ്റമെന്ന് ആരോപിച്ച് ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതർ അർധരാത്രിയിൽ ഇടിച്ചുനിരത്തിയ തുർക്മാൻ ഗേറ്റിലെ സയ്യിദ് ഇലാഹി മസ്ജിദിന്റെ അനുബന്ധകെട്ടിടങ്ങൾ വഖഫ് ഭൂമിയിൽ ഉള്ളതാണെന്ന് ഡൽഹി മുൻ വഖഫ് ബോർഡ് ചെയർമാനും ആം ആദ്മി പാർട്ടി എം.എൽ.എയുമായ അമാനത്തുല്ല ഖാൻ പറഞ്ഞു.
ഇടിച്ചുനിരത്തൽ നിയമവിരുദ്ധമാണ്. ഡൽഹി വഖഫുമായി ബന്ധപ്പെട്ട് തർക്കമുള്ള 123 ഭൂമികളിൽപ്പെട്ടതാണ് ഇതും. ആരെങ്കിലും നിയമവിരുദ്ധമെന്ന് പറയുമ്പോൾതന്നെ മുനിസിപ്പല്‍ കോര്പറേഷന് പൊളിക്കുകയാണ്. ഡൽഹിയിൽ സാമുദായിക ഐക്യം തകർക്കാൻ അധികാരികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നത് നല്ലകാര്യമാണെന്നും എന്നാൽ, ബി.ജെ.പി സർക്കാർ ഒരു മതത്തെ മാത്രം ലക്ഷ്യമിട്ടാണ് പൊളിച്ചു നീക്കുന്നതെന്നും കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചു.
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഇടിച്ചു നിരത്തിയത് വഖഫ് സ്വത്താണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ആർ.എസ്.എസ് പശ്ചാത്തലമുള്ള സേവ് ഇന്ത്യ ഫൗണ്ടേഷനാണ് കൈയേറ്റം ആരോപിച്ച് കോടതിയിൽ പോയത്. കോടതി സർവേ നടത്താനും ഉത്തരവിട്ടു. വഖഫ് ബോർഡ് പുനഃപരിശോധനാ ഹരജി നൽകാത്തതിനാൽ കോടതി തെറ്റായ തീരുമാനമെടുത്തു.
1947ൽ ഈ സ്ഥലം പള്ളിയായിരുന്നു. പാർലമെന്റിൽ പാസാക്കിയ 1991ലെ ആരാധനാലയ നിയമത്തെ കോടതി പരിഗണിച്ചില്ല. ഡൽഹി വഖഫ് ബോർഡും മസ്ജിദ് മാനേജിങ് കമ്മിറ്റിയും സുപ്രീംകോടതിയെ സമീപിക്കുകയും തൽസ്ഥിതി നിലനിർത്താൻ ആവശ്യപ്പെടുകയും വേണമെന്ന് ഉവൈസി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.