ജുഡീഷ്യൽ ആക്ടിവിസത്തിന്റെ സകല സീമകളും കേരള ഹൈകോടതി ലംഘിച്ചു

ന്യൂഡൽഹി: കർദിനാൾ മാർ ആലഞ്ചേരിക്കും ക്രിസ്ത്യൻ സഭകൾക്കുമെതിരെ പുറപ്പെടുവിച്ച തുടർവിധികളിലൂടെ കേരള ഹൈകോടതി ജുഡീഷ്യൽ ആക്ടിവിസത്തിന്റെ സകല സീമകളും ലംഘിച്ചുവെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. കോടതിവ്യവഹാരത്തിലെ സംയമനം ഹൈകോടതികളെ ഓർമിപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

നീതിക്കായുള്ള നിയമപരമായ ആവേശം തങ്ങളുടെ പരിധിക്കുള്ളിൽനിന്നാകണമെന്ന് ഹൈകോടതി ഓർക്കണം. എത്ര സദുദ്ദേശ്യത്തോടുകൂടിയാണെങ്കിലും ജഡ്ജിമാരുടെ വ്യക്തിപരമായ പക്ഷപാതം അംഗീകരിക്കാനാവില്ല. സർവാംഗീകൃതമായ കോടതി തത്ത്വങ്ങൾക്ക് അവമതിയാകുമത്. അനാവശ്യമായ ജുഡീഷ്യൽ ആക്ടിവിസം അധികാരികളുടെ മാത്രമല്ല, കക്ഷികളുടെ മനസ്സിലും അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും കാരണമാകും.

വിചാരണ കോടതിയുടെ വിധി ശരിവെച്ച ആദ്യ വിധിയിൽ കേരള ഹൈകോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രഥമ ദൃഷ്ട്യാ ഉള്ളതാണെന്നും അന്തിമമല്ലെന്നും വിചാരണ കോടതിയെ ഈ നിരീക്ഷണങ്ങൾ സ്വാധീനിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈകോടതി നിരീക്ഷണങ്ങൾ ഇതിനകം നടന്നുകഴിഞ്ഞ ഭൂമിയിടപാടിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ കക്ഷികൾക്ക് ഹൈകോടതിയെ സമീപിക്കാം. ഹൈകോടതിയുടെ തുടർ വിധികളിലെ ജുഡീഷ്യൽ ആക്ടിവിസവും അതിന്റെ അതിരുകവിയലും സുപ്രീംകോടതി വിധിയിൽ അക്കമിട്ട് നിരത്തി. ക്രിമിനൽ ഗൂഢാലോചനയിൽ കർദിനാളിനുള്ള പങ്കിനുമപ്പുറത്തേക്ക് കേസിനെ വലിച്ചുനീട്ടിയ ഹൈകോടതി, ആധാരങ്ങളിൽ സംശയം പ്രകടിപ്പിച്ച് അതേ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകിയത് അത്തരമൊന്നാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. അതും കഴിഞ്ഞ് കേന്ദ്ര സർക്കാറിനെ കക്ഷിയാക്കാൻ ഹൈകോടതി രജിസ്ട്രിക്ക് നിർദേശവും നൽകി. ഏതെങ്കിലും മതത്തിന്റെയോ ജീവകാരുണ്യത്തിന്റെയോ പേരുപയോഗിച്ച് പ്രവർത്തിക്കുന്ന സഭയെപ്പോലുള്ള സംഘടനകളെ നേരിടാൻ സമഗ്ര നിയമമില്ലാത്തതിനാൽ കർദിനാളിനെതിരായ കേസിൽ കേന്ദ്ര സർക്കാറിനെ കേൾക്കണമെന്നും ഹൈകോടതി വിധിയിലുണ്ട്.

പാർലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിധി നിർണയിക്കാൻ ശക്തിയുള്ള ഇത്തരം ഗ്രൂപ്പുകൾ സർക്കാർ സ്വത്തുക്കളും പൊതുസ്വത്തുക്കളും പുറമ്പോക്കും ദുരുപയോഗം ചെയ്യുമ്പോൾ അത് ചോദ്യം ചെയ്യാൻ ഒരാളുമുണ്ടാവില്ലെന്നത് ആശങ്കയുയർത്തുന്ന വിഷയമാണെന്നും അതുകൊണ്ടാണ് കേരളത്തിൽ സർക്കാർ ഭൂമിയും പുറമ്പോക്കും വലിയതോതിൽ കൈയേറുന്നതെന്നും ഹൈകോടതി പറഞ്ഞു. പൊതു സ്വത്തുക്കളും സർക്കാർ ഭൂമിയും കൈയേറുന്നത് അന്വേഷിക്കാൻ മാത്രമായി ഒരു കേന്ദ്ര ഏജൻസിയുണ്ടാക്കണമെന്ന് ഉത്തരവുമിറക്കി. ക്രിമിനൽ നടപടി ക്രമം 482ാം വകുപ്പിന്റെ അപ്പുറത്തേക്കാണ് ഹൈകോടതി ഇതിലൂടെ കടന്നത്.

Tags:    
News Summary - The Kerala High Court has crossed all boundaries of judicial activism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.