ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്നും നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്ന് ശിപാർശ ചെയ്ത് സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട്. 64 പേജുള്ള റിപ്പോർട്ടിൽ ഇംപീച്ച് ചെയ്യുന്നതിന് മതിയായ കാരണങ്ങളുണ്ടെന്ന് വിശദീകരിക്കുന്നുണ്ട്.
സ്റ്റോർ റൂമിൽ നിന്നും കണ്ടെത്തിയ കത്തിക്കരിഞ്ഞ നോട്ടുകളുടെ ദൃശ്യങ്ങൾ സാങ്കേതിക പരിശോധനക്ക് അയക്കുകയും ആധികാരികത ബോധ്യപ്പെടുകയും ചെയ്തു. ഗൂഢാലോചനയുടെ ഭാഗമായാണ് നോട്ടുകെട്ടുകൾ തന്റെ വീടിന്റെ പരിസരത്ത് എത്തിയതെന്ന ജഡ്ജിയുടെ വാദം തെറ്റാണ്.
ഡൽഹിയിൽ ഉയർന്ന സുരക്ഷാ സംവിധാനമുള്ള സിറ്റിങ് ജഡ്ജിയുടെ താമസസ്ഥലത്ത് ഇത്തരത്തിൽ നോട്ടുകെട്ടുകൾ നിക്ഷേപിക്കുക അസാധ്യമാണ്. പണം സൂക്ഷിച്ച സ്റ്റോർ റൂമിലേക്ക് ജസ്റ്റിസ് യശ്വന്ത് വർമക്കും കുടുംബാംഗങ്ങൾക്കും മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്.
ആർക്കൊക്കെ പ്രവേശന അനുമതി നൽകണമെന്ന കാര്യത്തിൽ ജഡ്ജിയും കുടുംബവുമായിരുന്നു തീരുമാനം എടുത്തിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്യുന്നതിലും പിടിച്ചെടുക്കൽ മെമ്മോ തയാറാക്കുന്നതിലും പൊലീസും ഫയർഫോഴ്സും വീഴ്ച വരുത്തിയതായും റിപ്പോർട്ടിലുണ്ട്.
ജസ്റ്റിസ് യശ്വന്ത് വർമ ഡൽഹി ഹൈകോടതി ജഡ്ജിയായിരിക്കെ, മാർച്ച് 14ന് ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിലാണ് കത്തിക്കരിഞ്ഞ നോട്ടുകൂമ്പാരം കണ്ടെത്തിയത്. തുടർന്ന് സുപ്രീംകോടതി കൊളീജിയം ഇദ്ദേഹത്തെ അലഹാബാദ് ഹൈകോടതിയിലേക്ക് ചുമതല നൽകാതെ സ്ഥലം മാറ്റുകയായിരുന്നു.
പഞ്ചാബ്-ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, കർണാടക ഹൈകോടതി ജസ്റ്റിസും മലയാളിയുമായ അനു ശിവരാമൻ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. 55 സാക്ഷികളിൽ നിന്നും സമിതി മൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.