തോൽക്കും മുമ്പുള്ള ജാമ്യമെടുപ്പാണ് തരൂരിന്‍റെ പരാതിയെന്ന് കൊടിക്കുന്നിൽ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നതിനെ കുറിച്ച് ശശി തരൂർ നൽകിയ പരാതികളിൽ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. തോൽക്കാൻ പോകുംമുമ്പുള്ള ജാമ്യമെടുപ്പാണ് തരൂരിന്‍റെ പരാതിയെന്ന് കൊടിക്കുന്നിൽ പറഞ്ഞു. അതേസമയം, തരൂരിന്‍റെ പരാതിയെ തുടർന്ന് യു.പിയിലെ വോട്ടുകൾ പ്രത്യേകമായി എണ്ണാൻ തീരുമാനമായി.

ഫലം നേരത്തെ തന്നെ എല്ലാവർക്കും അറിയാവുന്നതാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു. മല്ലികാർജുൻ ഖാർഗെ ആയിരക്കണക്കിന് വോട്ടുകൾക്ക് ജയിക്കും. ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പരാതികൾ ഉണ്ടാവുക സ്വാഭാവികമാണ്. തോൽക്കാൻ പോകുന്നവരും ഇത്തരം പരാതികൾ ഉന്നയിക്കാറുണ്ട്. തോൽക്കുന്നതിന് മുമ്പുള്ള മുൻകൂർ ജാമ്യമെടുപ്പാണത്. അത്തരം മുൻകൂർ ജാമ്യമെടുപ്പായേ പരാതിയെ കാണാൻ കഴിയൂവെന്നും കൊടിക്കുന്നിൽ പറഞ്ഞു.

ശശി തരൂർ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യം നേരത്തെ കൊടിക്കുന്നിൽ ഉന്നയിച്ചിരുന്നു. മല്ലികാർജുൻ ഖാർഗെയുടെ കൗണ്ടിംഗ് ഏജന്‍റ് കൂടിയാണ് കൊടിക്കുന്നിൽ സുരേഷ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.