വിമാനം വൈകുന്നത് സർക്കാർ നിർമിത ദുരന്തമെന്ന് തരൂർ; തരൂർ വരേണ്യ വിമർശകനെന്ന് സിന്ധ്യ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ മോശം സാഹചര്യങ്ങളും മൂടൽമഞ്ഞ് കാരണം വിമാനം വൈകുന്നതും ചർച്ചയാക്കി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. തരൂരിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തിയതോടെ രാഷ്ട്രീയ ഏറ്റുമുട്ടൽ ‘ആകാശത്തോളമെത്തി’.

നിലവിലെ അവസ്ഥ മോദി സർക്കാർ വകയുള്ള ദുരന്തമാണെന്ന് തരൂർ ആരോപിച്ചു. വരേണ്യ വിമർശകൻ എന്ന പരിഹാസത്തോടെ മന്ത്രി മറുപടിയും നൽകി. മന്ത്രാലയത്തിന്റെ അശ്രദ്ധയുടെയും കഴിവുകേടിന്റെയും ഫലമാണ് ഡൽഹി വിമാനത്താവളത്തിലെ പ്രശ്നങ്ങളെന്ന് സമൂഹ മാധ്യമമായ ‘എക്സിൽ’ ആറ് പരമ്പരയായി എഴുതിയ കുറിപ്പിൽ തരൂർ ആരോപിച്ചു. രാജ്യത്തെ വ്യോമയാന മേഖല പരിതാപകരമായ സ്ഥിതിയിലാണെന്നും ഡൽഹിയിലെയും മറ്റ് നഗരങ്ങളിലെയും വിമാനത്താവളങ്ങൾ ആഗോള നിലവാരത്തിലുള്ളതാണെന്ന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും തരൂർ ആരോപിച്ചു. റൺവേയിലെ അറ്റകുറ്റപ്പണിയടക്കം യാത്രക്കാരെ ബാധിച്ചെന്നും തരൂർ പറഞ്ഞു.

അതേസമയം, ഇന്റർനെറ്റിൽനിന്നുള്ള വിവരങ്ങൾ ഗവേഷണമായി അവതരിപ്പിക്കുകയാണ് തരൂരെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. റൺവേ അറ്റകുറ്റപ്പണികൾ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രധാന ഘടകമാണ്. ഡിസംബർ 15നകം പൂർത്തിയാക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, അന്തരീക്ഷ മലിനീകരണവും മറ്റ് നിയന്ത്രണങ്ങളും കാരണം വൈകി. മൂടൽമഞ്ഞിൽ വിമാനം ഇറക്കാൻ പരിശീലനം ലഭിച്ച 6191 പൈലറ്റുമാരുണ്ട്. യോഗ്യരായ പൈലറ്റുമാരെ മാത്രം നിയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Tharoor calls flight delay a government-made disaster; Scindia says Tharoor is an elite critic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.