വീടുണ്ടാക്കിയതും മകന്റെ കല്യാണം കഴിപ്പിച്ചതും എം.പി ഫണ്ടുപയോഗിച്ചാണെന്ന് ബി.ജെ.പി എം.പിയുടെ വെളിപ്പെടുത്തൽ

ഹൈദരാബാദ്: പാർലമെന്റ് അംഗങ്ങൾക്കുള്ള പ്രാദേശിക വികസന ഫണ്ട് ദുരുപയോഗം ചെയ്ത് തന്റെ മകന്റെ വിവാഹം നടത്തിയതായും സ്വന്തമായി വീട് നിർമിച്ചതായും തെലങ്കാന ബി.ജെ.പി എം.പി സോയം ബാപ്പുറാവുവിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവർത്തകരുടെ യോഗത്തിലാണ് എം.പി.എൽ.എ.ഡി പദ്ധതിയിൽ നിന്നുള്ള തുക ഉപയോഗിച്ച് വീട് നിർമിച്ച് മകന്റെ വിവാഹം നടത്തിയെന്ന് ആദിലാബാദ് എം.പിയായ ബാപ്പുറാവു തുറന്നുപറഞ്ഞത്. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി.

സ്വകാര്യ ആവശ്യങ്ങൾക്ക് ഫണ്ട് വിനിയോഗിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ എം.പി, ഒരു വികസന പദ്ധതികൾക്കും താൻ എം.പി.എൽ.എ.ഡി ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്ന് സമ്മതിക്കുന്നുണ്ട്. എന്നാൽ, മറ്റ് ചില എംപിമാരെപ്പോലെ ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

“സ്വന്തമായി വീടില്ലെങ്കിൽ ആരും ബഹുമാനിക്കില്ല. അതുകൊണ്ടാണ് ഞാൻ എംപി ഫണ്ട് ഉപയോഗിച്ച് വീട് നിർമിച്ചത്. എംപി ഫണ്ട് വഴിയാണ് മകന്റെ വിവാഹം നടത്തിയത്. വികസനത്തിന് ഫണ്ട് ഉപയോഗിച്ചില്ല എന്നത് ശരിയാണ്. എന്നാൽ മുൻകാല എംപിമാരെപ്പോലെ ഞാൻ ഫണ്ട് തട്ടിയെടുത്തിട്ടില്ല’ -അദ്ദേഹം പറഞ്ഞു. താൻ പറയുന്ന കാര്യങ്ങൾ ഇതുപോലെ ഒരു നേതാവും തുറന്നുപറയില്ലെന്നും ബാപ്പുറാവു കൂട്ടിച്ചേർത്തു.

സംഭവത്തിൽ എം.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. എന്നാൽ, താൻ ആഭ്യന്തര യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ പൊതുസമൂഹത്തിൽ പങ്കുവെച്ചത് തെറ്റാണെന്നും തന്റെ ജനപ്രീതി ഉയരുന്നതിൽ അസൂയയുള്ള ബി.ജെ.പി നേതാക്കളായ രമേഷ് റാത്തോഡും പായല ശങ്കറുമാണ് വിഡിയോ ചോർത്തിയതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. എംപിഎൽഎഡി ഫണ്ട് ദുരുപയോഗം ചെയ്തെന്ന കാര്യവും പിന്നീട് നിഷേധിച്ചു. 2019ൽ താൻ ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് ആദിലാബാദിൽ പാർട്ടിക്ക് വേരോട്ടമുണ്ടായിരുന്നില്ലെന്നും എന്നാൽ തന്റെ വിജയത്തിന് ശേഷം പാർട്ടി ശക്തിയാർജിച്ചുവെന്നും പാർട്ടിക്കുള്ളിലെ ചില നേതാക്കൾക്ക് ഇത് ദഹിക്കുന്നില്ലെന്നും ബാപ്പുറാവു പറഞ്ഞു.


News Summary - T’gana BJP MP admits to using MPLAD funds for building house, son’s marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.