രേവന്ത് റെഡ്ഡി

തെലങ്കാനയിൽ നിക്ഷേപം നടത്താനിരുന്ന ടെസ്‍ലയെ സമ്മർദ്ദത്തിലാക്കി; ആരോപണവുമായി രേവന്ത് ​റെഡ്ഡി

ഹൈദരാബാദ്: അമേരിക്കൻ വാഹനനിർമ്മാതാക്കളായ ടെസ്‍ല തെലങ്കാനയിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. എന്നാൽ, തെലങ്കാനയിൽ നിന്നും ടെസ്‍ലയുടെ നിക്ഷേപം ഗുജറാത്തിലേക്ക് മാറ്റാൻ കമ്പനിക്ക് മേൽ സമ്മർദമുണ്ടായെന്നും രേവന്ത് റെഡ്ഡി വെളിപ്പെടുത്തി. ഇന്ത്യ ടുഡേ ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ പരാമർശം.

തെലങ്കാന ഇന്ത്യയുടെ ഭാഗമല്ലേ. ടെസ്‍ലക്ക് തെലങ്കാനയിൽ നിക്ഷേപിക്കണമായിരുന്നു. അവരുമായി എങ്ങനെ ആശയവിനിമയം നടത്തണമെന്ന് ഞങ്ങൾക്ക് അറിയാം. ടെസ്‍ലയുമായി ആശയവിനിമയം നടത്താൻ താൻ മുഖ്യമന്ത്രി കസേരയിലുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

പ്രധാനമന്ത്രി ന​രേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചിന്തിക്കുന്നത് ഗുജറാത്ത് മാത്രമാണ് ഇന്ത്യയെന്നാണ്. ഇത് തെലങ്കാനയുടെ മാത്രം കാര്യമല്ല. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ഇത്തരത്തിൽ വിവേചനം നേരിടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്കും അവകാശങ്ങളുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

കേന്ദ്രമന്ത്രിസഭയിലെ തെലങ്കാനയുടെ പ്രാതിനിധ്യം സംബന്ധിച്ചും രേവന്ത് റെഡ്ഡി വിമർശനം ഉന്നയിച്ചു. 42 തെലുങ്ക് സംസാരിക്കുന്ന എം.പിമാരുണ്ടായിട്ടും ​ഒരു കേന്ദ്രമന്ത്രിപദം മാത്രമാണ് തെലങ്കാനക്ക് ലഭിച്ചത്. 26 എം.പിമാരുള്ള ഗുജറാത്തിൽ നിന്നും ഏഴ് പേരും യു.പിയിൽ നിന്നും 12പേരും മന്ത്രിമാരായി. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരെ രണ്ടാംതരം പൗരൻമാരായാണ് കാണുന്നതെന്നും റെഡ്ഡി പറഞ്ഞു.

ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാൻ ടെസ്‍ല ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഗുജറാത്തും മഹാരാഷ്ട്രയും ടെസ്‍ലക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വർഷങ്ങളായി ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ ടെസ്‍ല നീക്കം നടത്തുകയാണ്.

Tags:    
News Summary - Tesla wanted to invest in Telangana, was pressured to...: Revanth Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.