മുംബൈ: അമേരിക്കൻ വാഹനനിർമ്മാതാക്കളായ ടെസ്‌ല അടുത്തമാസത്തോടെ മുംബൈയിലെ ഷോറൂം തുറക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചൈനയിൽ നിർമ്മിച്ച 'മോഡൽ വൈ' വാഹനവുമായാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ്. ടെസ്‌ലക്ക് ഇന്ത്യയിൽ വാഹനങ്ങൾ നിർമ്മിക്കാൻ താത്പര്യമില്ലായെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി കുമാരസ്വാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിർമ്മാണ പ്ലാന്റിന് പകരം ഷോറൂമുകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇതിനുശേഷമാണ് ടെസ്‌ല മുംബൈയിൽ ഷോറൂം തുറക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി മുംബൈയിലെ കുർളയിൽ പുതിയ വെയർഹൗസ് പാട്ടത്തിനെടുത്ത്. 24,565 ചതുരശ്ര അടിയിലുള്ള വെയർഹൗസാണ് 24.38 കോടി രൂപ വാടകയിൽ അഞ്ച് വർഷത്തേക്ക് ടെസ്‌ല സ്വന്തമാക്കിയതെന്ന് ഡോക്യുമെന്റ് രജിസ്റ്റർ ചെയ്ത സി.ആർ.ഇ മാട്രിക്സ് റിപ്പോർട്ട് ചെയ്തിരുന്നു. പാട്ടത്തിനെടുത്ത സ്ഥലത്ത് രണ്ട് നിലയിലായി 18,000 ചതുരശ്ര അടിയിൽ വലിയൊരു കാർപെറ്റ് ഏരിയയും വലിയ ചാർജിങ് ഏരിയയും ഉൾപ്പെടുന്നുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് ശേഷമാണ് അമേരിക്കൻ ഇലക്ട്രിക് വാഹനനിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന വാർത്തകൾ പ്രചരിക്കുന്നത്. ടെസ്‌ലയുടെ ചൈനീസ് ഫാക്ടറിയിൽ നിർമ്മിച്ച മോഡൽ വൈ കാറുകൾ ഇതിനോടകംതന്നെ മുംബൈയിൽ എത്തിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം കൂടിയാണ് മോഡൽ വൈ കാറുകൾ.
ലോകത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ടെസ്‌ലയുടെ ഇലക്ട്രിക് കാറാണ് മോഡൽ വൈ. ക്രോസ്ഓവർ സെഗ്‌മെന്റിൽ 2020 മുതലാണ് ഈ മോഡൽ നിർമ്മിക്കാൻ തുടങ്ങിയത്. 75kWh ബാറ്ററി പാക്കിൽ വരുന്ന മോഡൽ വൈ ഒറ്റ തവണ ചാർജ് ചെയ്താൽ ഏകദേശം 600 കിലോമീറ്റർ വരെ സഞ്ചരിക്കും. ഏകദേശം 28 ലക്ഷം രൂപ എക്സ് ഷോറൂം വിലക്കാകും മോഡൽ വൈ ഇന്ത്യയിൽ ലഭ്യമാകുന്നത്. അമേരിക്കയിൽ ഏകദേശം 39 ലക്ഷം രൂപ എക്സ് ഷോറൂം വിലക്കാണ് ഈ മോഡൽ വിൽപ്പന നടത്തുന്നത്. എന്നാൽ ഇന്ത്യയിൽ വിൽക്കുന്ന മോഡൽ വൈക്ക് ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.