"ആർ.എസ്.എസ് ആസ്ഥാനത്തിന് മുന്നിൽ ഇ.വി.എമ്മുകളുടെ ക്ഷേത്രം നിർമിക്കൂ"; മഹായുതി സർക്കാറിനെ പരിഹസിച്ച് സഞ്ജയ് റാവത്ത്

ന്യൂഡൽഹി: മുംബൈക്ക് പകരം നാഗ്പൂരിൽ മന്ത്രിസഭാ വികസനം സംഘടിപ്പിക്കാനുള്ള മഹായുതി സർക്കാറിന്‍റെ തീരുമാനത്തെ വിമർശിച്ച് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. നാഗ്പുരിലെ നിയമസഭാ മന്ദിരത്തിൽ സത്യപ്രതിജ്ഞ നടത്താനാണ് മഹായുതി സർക്കാറിന്‍റെ തീരുമാനം.

'സർക്കാർ രൂപീകരിച്ചത് ഇ.വി.എം ഉപയോഗിച്ചാണ്. അവർക്ക് തലച്ചോറില്ല, തലച്ചോറിന് പകരം ഇ.വി.എമ്മുകളാണ്. ആർ.എസ്.എസ് ആസ്ഥാനത്തിന് മുന്നിൽ ഇ.വി.എമ്മുകളുടെ ക്ഷേത്രം നിർമിക്കാനാണ് തീരുമാനം' എന്ന് അദ്ദേഹം പറഞ്ഞു. മുംബൈക്ക് പകരം നാഗ്പൂരിൽ മന്ത്രിസഭാ വികസനം നടത്തുന്നത് എന്തിനാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്. ഭൂരിപക്ഷമുണ്ടായിട്ടും സർക്കാർ രൂപീകരണം വൈകിയതിനെയും അദ്ദേഹം വിമർശിച്ചു.

അതേസമയം, 1991ന് ശേഷമുള്ള നാഗ്പൂരിലെ ആദ്യത്തെ മന്ത്രിസഭാ വിപുലീകരണമാണെന്നത് മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന 'വിദർഭ'യുടെ സ്വാധീനത്തെ ഉറപ്പാക്കുന്നുണ്ട്. ആർ.എസ്.എസ്. ആസ്ഥാനം ഇവിടെയാണ്. വിദർഭ മേഖലയിൽ നിന്നാണ് (നാഗ്പുർ സൗത്ത് വെസ്റ്റ്) നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മത്സരിച്ചതും.

ഫലമറിഞ്ഞ് 20 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭ വികസനം സാധിക്കാതിരുന്നതു ഭരണപക്ഷത്തിന് നാണക്കേടായിരുന്നു. നവംബർ 20ന് നടന്ന തെരഞ്ഞെടുപ്പിൽ 288ൽ 230 സീറ്റിലും വിജയിച്ച് അധികാരം പിടിച്ചിട്ടും 10 ദിവസത്തിലേറെ കഴിഞ്ഞാണ് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും (ബി.ജെ.പി) ഉപമുഖ്യമന്ത്രിമാരായി ഏക്നാഥ് ഷിൻഡെയും (ശിവസേന) അജിത് പവാറും (എൻ.സി.പി) സത്യപ്രതിജ്ഞ ചെയ്തത്. ഫഡ്നാവിസ് പുതിയ സർക്കാറിനെ നയിക്കുന്നതിൽ ഷിൻഡെ തൃപ്തനല്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 

Tags:    
News Summary - should construct a temple of EVMs in front of RSS headquarters-Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.