ഹൈദരാബാദ്: നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി മാറിയിരിക്കുകയാണ് തെലങ്കാന. 78,114 മൊബൈൽ ഫോണുകളാണ് മേയ് 19 വരെ കണ്ടെത്തിയതെന്ന് സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ) പറഞ്ഞു.
നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ തെലങ്കാന പുതിയ ദേശീയ മാനദണ്ഡം നടപ്പിലാക്കിയതായി ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) ഡയറക്ടർ ജനറൽ ശിഖ ഗോയൽ പറഞ്ഞു. ഏറ്റവും ഉയർന്ന തോതിൽ നഷ്ട്ടപെട്ട ഉപകരണങ്ങൾ കണ്ടെത്തിയത് ഹൈദരാബാദിലാണ്. 11,879 ഉപകരണങ്ങളാണ് ഹൈദരാബിദിൽ നിന്ന് മാത്രമായി കണ്ടെത്തിയത്. തൊട്ടുപിന്നിൽ സൈബരാബാദ് (10,385 ഉപകരണങ്ങൾ) നഗരവും. സി.ഇ.ഐ.ആർ പോർട്ടൽ വഴി റിപ്പോർട്ടുകൾ കർശനമായി നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്ന ഫീൽഡ് ഓഫീസർമാരുടെ പരിശ്രമമാണ് ഈ വിജയത്തിന് കാരണമെന്ന് ഗോയൽ വ്യക്തമാക്കി.
തെലങ്കാന പൊലീസും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായി സഹകരിച്ച് നടത്തുന്ന പോർട്ടലാണ് സി.ഇ.ഐ.ആർ. നഷ്ട്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഉപകാരണങ്ങളെക്കുറിച്ച് തെലങ്കാന പൊലീസ് വെബ്സൈറ്റിലോ സി.ഇ.ഐ.ആർ പോർട്ടലിലോ ഉപഭോക്താക്കൾക്ക് നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാം. ഈ പോർട്ടൽ തെലങ്കാനയിലെ 780 പൊലീസ് സ്റ്റേഷനുകളുമായി സംയോജിച്ച് പ്രവർത്തിക്കുന്നു. ഇതിന്റെ നടത്തിപ്പിനുള്ള നോഡൽ ഏജൻസിയായി സി.ഐ.ഡിയാണ് പ്രവർത്തിക്കുന്നത്. 2022ൽ പോർട്ടൽ ആരംഭിച്ചെങ്കിലും 2023 ഏപ്രിൽ 19നാണ് പോർട്ടൽ ഉപയോഗിക്കാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.