ഹൈദരാബാദ്: തെലങ്കാനയിൽ സി.ഐ.ടി.യു നേതൃത്വത്തിൽ ആശാവർക്കർമാരുടെ പ്രതിഷേധം. ഹരിഹര കാല ഭവന് മുന്നിലാണ് പ്രതിഷേധം. ആശാവർക്കമാരെ ജി.പി.എസ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത് നിർത്തണമെന്നും പ്രതിമാസ വേതനം 18,000 രൂപയാക്കി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആശാവർക്കർമാർ നിവേദനവും സമർപ്പിച്ചിട്ടുണ്ട്. പി.എഫ്, സംസ്ഥാന ഇൻഷൂറൻസ്, ആഘോഷ ദിവസങ്ങളിലും ഞായറാഴ്ചകളിലും അവധി, ശമ്പളകുടിശ്ശിക അനുവദിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് ആശാവർക്കർമാർ ഉന്നയിച്ചിരിക്കുന്നത്.
ശമ്പളമില്ലാത്ത ജോലികൾ തങ്ങളെ ഏൽപ്പിക്കരുതെന്നും ആശാവർക്കർമാർ അറിയിച്ചു. ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശാവർക്കർമാർ സമരത്തിലാണ്. കേരളത്തിലെ ആശാവർക്കർമാരുടെ ശമ്പളം വലിയ ശ്രദ്ധയാകർഷിച്ചിരുന്നു.
വേതന വർധനവ് ഉൾപ്പടെ ആവശ്യപ്പെട്ടാണ് കേരളത്തിലും ആശാവർക്കർമാർ സമരം നടത്തുന്നത്. എന്നാൽ, ദിവസങ്ങൾ പിന്നിട്ടും ആശാവർക്കർമാരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനുളള നീക്കങ്ങൾ കേരളത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്ന വിമർശനങ്ങളും ശക്തമാണ്.
അതേസമയം, കേരളത്തിൽ സി.ഐ.ടി.യു ആശാവർക്കർമാരുടെ സമരത്തിന് എതിരാണ്. രാഷ്ട്രീയപ്രേരിതമായാണ് ആശാവർക്കർമാർ സമരം നടത്തുന്നതെന്നാണ് സി.ഐ.ടി.യുവിന്റെ ആരോപണം. ആശാവർക്കർമാരുടെ സമരത്തിന് സമാന്തരമായി കേന്ദ്രസർക്കാറിനെതിരെ സി.ഐ.ടിയു സമരം തുടങ്ങുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.