അഖിലേഷ് യാദവ്

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ അഖിലേഷിന് പങ്കെന്ന് ബി.ജെ.പി; പ്രിയങ്ക ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് വി.എച്ച്.പി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ച കേസിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് പങ്കുണ്ടെന്ന് ബി.ജെ.പി.

പ്രതികളിലൊരാളായ രമാശങ്കർ യാദവ് എന്ന ടിന്നു യാദവിന് അഖിലേഷുമായി അടുത്ത ബന്ധമുണ്ടെന്നും ഇരുവരും ഫോൺ സംഭാഷണം നടത്തിയതിന് തെളിവുണ്ടെന്നും ബി.ജെ.പി ദേശീയ വക്താവ് അ‍യജ് അലോക് ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വരാനുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘സമാജ്‌വാദി പാർട്ടിയുടെ പങ്കാളിത്തം ക്രമേണ പുറത്തുവരികയാണ്. ടിന്നു യാദവ് അഖിലേഷ് യാദവുമായി പലതവണ ഫോണിൽ സംസാരിച്ചതിന്‍റെ റിപ്പോർട്ടുകളുണ്ട്. കൂടുതൽ കാര്യങ്ങൾ പുറത്തുവരുമ്പോൾ, ഈ മോഷണങ്ങൾക്ക് പിന്നിൽ ആരാണെന്ന സത്യം രാജ്യം അറിയും’ -അ‍യജ് അലോക് അവകാശപ്പെട്ടു.

ഇനിയും പല കാര്യങ്ങളും പുറത്തുവരാനുണ്ട്. സമാജ്‌വാദി പാർട്ടിക്ക് സന്യാസി സമൂഹത്തിന്‍റെ രോഷം താങ്ങാനാകില്ല, ഇനി ഭാവിയിലും അതിന് കഴിയില്ല. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് വലിയ നിരീശ്വരവാദിയും ശ്രീരാമ വിരുദ്ധനുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാമജന്മഭൂമി ക്ഷേത്ര നിർമാണത്തിനായി പിരിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് കേസ് നൽകുമെന്ന് കഴിഞ്ഞദിവസം ദിഗ്വിജയ് സിങ് പറഞ്ഞിരുന്നു. സംഭാവന വിനിയോഗത്തിൽ സാമ്പത്തിക ക്രമക്കേടുകൾ കോടതി കണ്ടെത്തിയാൽ, താൻ നൽകിയ സംഭാവന തിരികെ ആവശ്യപ്പെടുമെന്നും അത് മറ്റൊരു അംഗീകൃത മതസ്ഥാപനത്തിനോ ശങ്കരാചാര്യരുടെ ട്രസ്റ്റിനോ നൽകുമെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കിയിരുന്നു.

‘രാമക്ഷേത്ര നിർമാണത്തിനായി നൽകിയ സംഭാവന തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നൽകുമെന്ന് പ്രഖ്യാപിച്ചതിൽ ദിഗ്വിജയ് സിങ് ലജ്ജിക്കണം. സംഭാവനയുടെ രസീത് അദ്ദേഹം കാണിക്കട്ടെ, അത് പത്രത്തിൽ അച്ചടിക്കട്ടെ, എങ്കിൽ രാമക്ഷേത്ര ട്രസ്റ്റ് ആ തുക പലിശ സഹിതം തിരികെ നൽകും...കാരണം ഇത്തരം നിരീശ്വരവാദികൾ നൽകുന്ന സംഭാവനകൾ ശ്രീരാമന്റെ പാദങ്ങളിൽ എത്താൻ പാടില്ല’ -അ‍യജ് അലോക് പ്രതികരിച്ചു.

അതേസമയം, രാമജന്മഭൂമി സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉന്നയിക്കുന്ന രാഷ്ട്രീയ നേതാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന വിചിത്ര വാദവുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) അധ്യക്ഷനും മുതിർന്ന അഭിഭാഷകനുമായ അലോക് കുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കത്തെഴുതി. മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര, രാം ഗോപാൽ യാദവ്, അരവിന്ദ് കെജ്രിവാൾ, സഞ്ജയ് സിങ് തുടങ്ങിയവരെ കത്തിൽ പരാമർശിക്കുന്നുണ്ട്. 20,000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് നടന്നതെന്നും സംഭാവനകളിൽ കോടിക്കണക്കിന് രൂപ തിരിമറി നടത്തിയെന്നും ഭൂമി വാങ്ങുന്നതിലടക്കം തട്ടിപ്പ് നടന്നെന്നുമാണ് ഇവർ ആരോപിക്കുന്നത്. ഈ ആരോപണങ്ങൾ ഉന്നയിച്ചവരെ അന്വേഷണ ഏജൻസി വിളിച്ചുവരുത്തി ചോദ്യം ചെയ്യണം. എന്ത് അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചതെന്നും എവിടെ നിന്നാണ് വിവരങ്ങൾ ലഭിച്ചതെന്നും എന്തെങ്കിലും തെളിവുകളോ രേഖകളോ കൈവശമുണ്ടോ എന്നും ചോദിക്കണമെന്നും കത്തിൽ പരാമർശിക്കുന്നു.

ആരോപണങ്ങളെ പിന്തുണക്കുന്ന തെളിവുകൾ ഹാജരാക്കിയാൽ, സത്യം പുറത്തുകൊണ്ടുവരാൻ അത് അന്വേഷകർക്ക് സഹായകമാകുമെന്നും കത്തിലുണ്ട്. അതിനിടെ, പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) പ്രാഥമിക റിപ്പോർട്ടും സി.ഇ.ഒ തസ്തിക സൃഷ്ടിക്കലും സംബന്ധിച്ച ചർച്ചകൾ അടുത്തയാഴ്ച നടക്കാനിരിക്കുന്ന രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലെ പ്രധാന അജണ്ടകളാവും.

ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച പണത്തിലും വസ്തുവകകളിലും ക്രമക്കേട് നടന്നെന്ന ആരോപണം ഉയർന്നതിനുശേഷമുള്ള ആദ്യ ട്രസ്റ്റ് യോഗമാണ് തിങ്കളാഴ്ച നടക്കുക. ട്രസ്റ്റ് തലവൻ മഹന്ത് നൃത്യഗോപാൽ ദാസിന്റെ ആശ്രമമായ ‘മണി രാംദാസ് ചാവ്‌നി’യിൽ വൈകീട്ട് മൂന്നിനാണ് യോഗം. രാമക്ഷേത്ര സംഭാവന ക്രമക്കേട് കേസിൽ എസ്‌.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ടിനെ തുടർന്ന് സമർപ്പിച്ച എഫ്‌.ഐ.ആറിൽ പേരുള്ള എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Ram Temple Theft Case: BJP Alleges Akhilesh Yadav's Link To Accused Tinnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.