തനത് മൂല്യങ്ങളില്‍നിന്ന് നിരന്തരം വ്യതിചലിച്ചു; മിസ്ട്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ടാറ്റ 

ന്യൂഡല്‍ഹി: ടാറ്റ സണ്‍സിനും മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റക്കുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച സൈറസ് മിസ്ട്രിക്ക് മറുപടിയുമായി ടാറ്റ സണ്‍സ് രംഗത്ത്. മിസ്ട്രിയില്‍ ടാറ്റ ഡയറക്ടര്‍ ബോര്‍ഡിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നും ചെയര്‍മാന്‍ പദവിയില്‍ അദ്ദേഹത്തിന്‍െറ കാലയളവ് ടാറ്റയുടെ പരമ്പരാഗത മൂല്യങ്ങളില്‍നിന്നും ആവര്‍ത്തിച്ചുള്ള വ്യതിചലനമായിരുന്നുവെന്നും കമ്പനി വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. രഹസ്യ കത്തിലെ അടിസ്ഥാനരഹിത ആരോപണങ്ങളെപ്പറ്റി ജനമധ്യത്തില്‍ ചര്‍ച്ചചെയ്യുന്നത് ടാറ്റ സണ്‍സിന്‍െറ ആഭിജാത്യത്തിന് ചേര്‍ന്നതല്ല. മിസ്ട്രി പറഞ്ഞതൊന്നും വസ്തുതാപരമല്ല. അനുകൂലമായ കാര്യങ്ങള്‍മാത്രം പുറത്തുവിട്ട് തന്‍െറ ഭാഗം ന്യായീകരിക്കുകയാണ് അദ്ദേഹം  ചെയ്യുന്നത്.  അവസരങ്ങള്‍ ഉപയോഗപ്പെടുത്തി, വെല്ലുവിളികള്‍ ഏറ്റെടുത്ത് കമ്പനിയെ  മുന്നോട്ടുനയിക്കാന്‍ എല്ലാ സ്വാതന്ത്ര്യവും മിസ്ട്രിക്ക്് നല്‍കിയിരുന്നു. മുന്‍ചെയര്‍മാന്‍െറ പിണിയാളായി ചെയര്‍മാന്‍ പദവിയില്‍ കഴിയേണ്ടിവന്നുവെന്നത് തീര്‍ത്തും വാസ്തവവിരുദ്ധമായ കാര്യമാണ്.  പുറത്താക്കപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്.

 പതിറ്റാണ്ടിലേറെയായി രത്തന്‍ ടാറ്റ ഭാഗഭാക്കായ തീരുമാനങ്ങള്‍ക്കെതിരെ മിസ്ട്രി ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതില്‍ പൊരുത്തക്കേടുണ്ട്. 2006ലാണ് മിസ്ട്രിയെ ടാറ്റ ബോര്‍ഡിലെടുത്തത്.  2011ല്‍ ഡെപ്യൂട്ടി ചെയര്‍മാനായി. 2012ല്‍ മുഴുസമയ ചെയര്‍മാനും. ടാറ്റ എന്താണെന്ന് അറിയാത്തയാളല്ല അദ്ദേഹമെന്നും ടാറ്റ ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

Tags:    
News Summary - TATA Vs Mistry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.