അഹ്മദാബാദ്: അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാന സർവിസിന്റെ ഉടമകൾ ടാറ്റ ഗ്രൂപ്. കേന്ദ്ര സർക്കാറിന് കീഴിലായിരുന്ന എയർ ഇന്ത്യയെ 2022 ജനുവരിയിലാണ് ടാറ്റ ലേലത്തിൽ ഏറ്റെടുത്തത്. 1932 ഏപ്രിലിൽ ടാറ്റ എയർലൈൻസ് എന്ന കമ്പനി വഴി എയർ ഇന്ത്യക്ക് തുടക്കമിട്ടത് ടാറ്റ ഗ്രൂപ്പായിരുന്നു. രാജ്യത്തെ ആദ്യ പൈലറ്റ് ലൈസൻസ് ലഭിച്ച ജെ.ആർ.ഡി. ടാറ്റയാണ് ഇതിന്റെ തുടക്കക്കാരൻ. 1940ൽതന്നെ വാണിജ്യ സേവനം തുടങ്ങി.
1946ൽ എയർ ഇന്ത്യ ലിമിറ്റഡായി. 1953ൽ ജവഹർലാൽ നെഹ്റു സർക്കാർ ദേശസാത്കരണത്തിന്റെ ഭാഗമായി ഈ കമ്പനി ഏറ്റെടുത്തു. എയർ ഇന്ത്യയും ഉപകമ്പനിയായ എയർ ഇന്ത്യ ഇന്റർനാഷനലും അങ്ങനെ സർക്കാർ ഉടമസ്ഥതയിലായി. തുടർന്നുള്ള ആറര പതിറ്റാണ്ടിനൊടുവിൽ, എയർ ഇന്ത്യ കടംകയറി മുച്ചൂടും മുടിഞ്ഞപ്പോഴാണ് സ്വകാര്യവത്കരണത്തിന് കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയത്. അങ്ങനെ 68 വർഷത്തിനുശേഷം 2022 ജനുവരിയിൽ എയർ ഇന്ത്യ വീണ്ടും ടാറ്റയുടേതായി.
അങ്ങനെ ജെ.ആർ.ഡി. ടാറ്റയുടെ സ്വപ്നം വീണ്ടെടുക്കാൻ രത്തൻ ടാറ്റക്കായി. ടാറ്റ സൺസ് ചെയർമാൻ എമരിറ്റസ് ആയിരിക്കെയാണ് രത്തൻ ടാറ്റ കുടുംബ സ്വപ്നം നിറവേറ്റിയത്. എൻ. ചന്ദ്രശേഖരനാണ് നിലവിൽ എയർ ഇന്ത്യയുടെ ചെയർമാൻ. അടിമുടി മാറ്റവുമായാണ് എയർ ഇന്ത്യ നിലവിൽ പ്രവർത്തിക്കുന്നത്.
വ്യോമയാന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലടക്കം വൻകിട കമ്പനികൾ എയർ ഇന്ത്യയിൽ നിക്ഷേപം ഇറക്കിയിട്ടുണ്ട്. 470 പുതിയ വിമാനങ്ങൾ വാങ്ങാൻ ഓർഡർ നൽകിയത് സമീപകാല വ്യോമയാന ചരിത്രത്തിൽ പുതിയൊരു ഏടാണ്. നിലവിൽ എയർ ഇന്ത്യക്ക് കീഴിൽ 128 നാരോ-ബോഡി, വൈഡ്-ബോഡി എയർബസ്, ബോയിങ് വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. അവ ലോകമെങ്ങും യാത്രക്കാരെ എത്തിക്കുന്നു. ഒപ്പം ചരക്ക് കടത്താനും സഹായിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാന ശൃംഖലയാണ് എയർ ഇന്ത്യ. 12000ത്തിലേറെ ജീവനക്കാരുമായി 79 കേന്ദ്രങ്ങളിലേക്ക് 59 നോൺസ്റ്റോപ്പ് അന്താരാഷ്ട്ര റൂട്ടുകളിലാണ് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.