ചെന്നൈ: ദേശീയോത്സവമായ പൊങ്കലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജല്ലിക്കെട്ടിനൊരുങ്ങി തമിഴകം. മധുര ജില്ലയിലെ അവനിയാപുരം, പാലമേട്, അലങ്കാനല്ലൂർ എന്നിവിടങ്ങളിൽ നടക്കുന്ന ജല്ലിക്കെട്ടുകളാണ് പ്രസിദ്ധം. ജനുവരി 14ന് അവനിയാപുരത്തും 15ന് പാലമേടിലും 16ന് അലങ്കാനല്ലൂരിലും ജല്ലിക്കെട്ട് നടക്കും. തുടർന്ന് പുതുക്കോട്ട, ഡിണ്ടുഗൽ, നാമക്കൽ, തിരുച്ചി, സേലം, തിരുപ്പൂർ തുടങ്ങിയ ജില്ലകളിലും ജല്ലിക്കെട്ട് മത്സരങ്ങൾ നടക്കും. വിവിധയിടങ്ങളിൽ ജല്ലിക്കെട്ടിന്റെ മറ്റൊരു രൂപമായ മഞ്ചുവിരട്ടലും അരങ്ങേറും.
വർഷങ്ങൾക്കുമുമ്പ് ജല്ലിക്കെട്ട് നിരോധനത്തിൽ പ്രതിഷേധിച്ച് തമിഴകമൊട്ടുക്കും പ്രക്ഷോഭ പരിപാടികൾ നടന്നിരുന്നു. പിന്നീട് തമിഴ്നാട് സർക്കാർ നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കി കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ രാഷ്ട്രപതിയുടെ അംഗീകാരം നേടി. ഇതോടെ ജല്ലിക്കെട്ടിനുള്ള തടസ്സങ്ങൾ പൂർണമായി നീങ്ങുകയായിരുന്നു.
മുൻവർഷങ്ങളിൽ നടന്ന ജല്ലിക്കെട്ടിൽ മാടുകളെ ക്രൂര പീഡനങ്ങൾക്ക് ഇരയാക്കിയതായും കാളകളുടെ കുത്തേറ്റ് മരണം സംഭവിച്ചതായും നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റതായും ആരോപിച്ച് മൃഗസ്നേഹി സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള മൃഗക്ഷേമ ബോർഡ് ജല്ലിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി ഉത്തരവിട്ടത്. ഇതനുസരിച്ച് ജല്ലിക്കെട്ടിൽ പങ്കെടുപ്പിക്കുന്ന കാളകൾക്ക് മയക്കുമരുന്നും മറ്റും നൽകിയിട്ടുണ്ടോയെന്നറിയാൻ വൈദ്യ പരിശോധന നടത്തും. കാളകൾ, ഉടമകൾ, കാളകളെ പിടിക്കാനിറങ്ങുന്നവർ എന്നിവരുടെ പേരിൽ ഇൻഷുറൻസ് ഏർപ്പെടുത്തും. ജല്ലിക്കെട്ട് നടപടികൾ വിഡിയോയിൽ പകർത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.