തമിഴ്നാട് പോരാടി, വിജയിച്ചു... വനിത സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ അഭിനന്ദനവുമായി എം.കെ. സ്റ്റാലിൻ

ചെന്നൈ: വനിത സംവരണത്തിന്റെ പേരിൽ 2029​ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാറിന്റെ നീക്കം പരാജയപ്പെട്ടതിന് പിന്നാലെ തമിഴ്നാട് ജനതയെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിൻ. ലോക്സഭയിൽ ബില്ലിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. കേന്ദ്രസർക്കാറിന്റെ നീക്കം പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തുകയായിരുന്നു. കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ എം.കെ. സ്റ്റാലിൻ സജീവമായി രംഗത്തെത്തിയിരുന്നു.

‘ടി.എൻ പോരാടി. ടി.എൻ വിജയിച്ചു. അതിർത്തി നിർണ്ണയം പ്രാതിനിധ്യത്തെക്കുറിച്ചാണ്, ഇന്ത്യയുടെ ജനാധിപത്യത്തിൽ ആർക്കാണ് ശബ്ദം ലഭിക്കുന്നത് എന്നതിനെക്കുറിച്ചാണ്. അത് യൂണിയനെ ശക്തിപ്പെടുത്തണം, അതിന്റെ സന്തുലിതാവസ്ഥ ദുർബലപ്പെടുത്തരുത്. പെരിയാറിന്റെ നിർദേശവും അണ്ണയുടെ പ്രചോദനവും കലൈഞ്ജറുടെ ശക്തിയും ഉൾക്കൊണ്ട് തമിഴ്‌നാട് എല്ലായ്പ്പോഴും നീതിക്കും അന്തസ്സിനും ഫെഡറലിസത്തിനും വേണ്ടി നിലകൊണ്ടിട്ടുണ്ട്. തെക്ക് ഐക്യത്തോടെ നിലകൊണ്ടു. അതിന്റെ ശബ്ദം കേൾപ്പിച്ചു. ജനാധിപത്യം വിജയിച്ചു.’ -എം.കെ. സ്റ്റാലിൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

കൂടാതെ, ഡി.എം.കെ സർക്കാർ ഒരിക്കലും അതിർത്തി നിർണയ പ്രക്രിയയെ എതിർത്തിട്ടില്ലെന്നും എന്നാൽ ദേശീയ രാഷ്ട്രീയ രംഗത്ത് സംസ്ഥാനത്തിന് ശരിയായ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഒരു ‘ന്യായമായ പ്രക്രിയ’ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇതാണ് ഞങ്ങളുടെ ദൃഢനിശ്ചയം: തമിഴ്‌നാടിന്റെ അവകാശങ്ങൾ വെല്ലുവിളിക്കപ്പെടുമ്പോഴെല്ലാം, അതിന്റെ സ്വത്വമോ സംസ്‌കാരമോ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം, ഇന്ത്യയുടെ ഫെഡറൽ മനോഭാവം പരീക്ഷിക്കപ്പെടുമ്പോഴെല്ലാം, തമിഴ്‌നാട് ഐക്യത്തോടെയും അചഞ്ചലമായും ഉയർന്നുവരും’ - പാർലമെന്റിൽ ബില്ലിനെതിരെ വോട്ട് ചെയ്ത എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും നന്ദി പറഞ്ഞ് സ്റ്റാലിൻ എഴുതി.

ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാറിന്റെ നീക്കത്തിനെതിരെ ഡീലിമിറ്റേഷൻ ബില്ലിന്റെ പകർപ്പ് കത്തിച്ച് എം.കെ. സ്റ്റാലിൻ പ്രതിഷേധിച്ചിരുന്നു. കറുത്ത വസ്ത്രം ധരിച്ചാണ് സ്റ്റാലിൻ പ്രതിഷേധത്തിന് എത്തിയത്. നിർദിഷ്ട ഭേദഗതി ബിൽ കത്തിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. തെര​ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് തമിഴ്നാട്. ഇതിനിടയിലാണ് കേ​ന്ദ്രസർക്കാറിനെതിരെ കറുപ്പണിഞ്ഞ് പ്രതിഷേധവുമായി ഡി.എം.കെ രംഗത്തെത്തിയത്. 

Tags:    
News Summary - Tamil Nadu fought and won MK Stalin after womens quota bill fails Lok Sabha test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.