ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ക്ഷണിക്കാനെത്തിയ മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിലുള്ള സംഘം
ചെന്നൈ: സെപ്റ്റംബർ 20ന് പമ്പാതീരത്ത് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുഖ്യാതിഥിയാകും. ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയതാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. തമിഴ്നാട് ഹിന്ദു മത-എൻഡോവ്‌മെന്റ് മന്ത്രി പി.കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ടൂറിസം, സാംസ്കാരിക, എൻഡോവ്‌മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ, കേരളത്തിൽ നിന്ന് ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ. പി. സുനിൽ കുമാർ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും ചെന്നൈയിലെത്തി.
ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20 പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുക.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ മുഖ്യതിഥിയായിട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി പങ്കെടുക്കുക. കർണാടക, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, തുടങ്ങി എല്ലാവരെയും ഉള്‍പ്പെടുത്തി ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
ശബരിമലയുടെ ഭാവി വികസനത്തിനുതകുന്ന പദ്ധതികളുടെ ചര്‍ച്ചക്ക് വേദിയില്‍ തുടക്കം കുറിക്കും. ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമായാണ് സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ആഗോള സംഗമം സംഘടിപ്പിക്കുന്നത്. ഭക്തരുടെ താല്‍പര്യം സംരക്ഷിച്ച് ആചാരാനുഷ്ഠാനം പാലിച്ചായിരിക്കും പരിപാടി. ശബരിമല തന്ത്രിയുടേതടക്കം അഭിപ്രായം സ്വീകരിക്കും. വിപുല പങ്കാളിത്തത്തിന് വിവിധ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിവരികയാണെന്ന് ദേവസ്വം മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.