ചെന്നൈ: സുനിൽ കുമാറിന് 12ാം ക്ലാസ് പരീക്ഷ തുടങ്ങാൻ മണിക്കൂറുകളെ ബാക്കി ഉണ്ടായിരുന്നുള്ളു. പെട്ടെന്നാണ് സുനിലിന്‍റെ അമ്മ ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങുന്നത്. മാനസികമായി തകർന്നിട്ടും സുനിൽ പരീക്ഷ എഴുതാനെത്തി.
തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ നിന്നുള്ള വിദ്യാർഥിയാണ് സുനിൽ കുമാർ. അമ്മ സുബലക്ഷ്മി പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷയുടെ ആദ്യ ദിവസമായ മാർച്ച് മൂന്നിന് രാവിലെയാണ് മരണപ്പെടുന്നത്. ആറ് വർഷം മുമ്പ് അച്ഛൻ കൃഷ്ണമൂർത്തി മരിച്ചതിനാൽ സുനിലിനെയും സഹോദരി യാസിനിയെയും വളർത്താനുള്ള ചുമതല സുബലക്ഷ്മിക്കായിരുന്നു.
സുനിലിന്റെ ബന്ധുക്കളും അയൽക്കാരും പരീക്ഷ എഴുതാൻ അവനെ പ്രോത്സാഹിപ്പിച്ചു. താനും സഹോദരിയും പഠിക്കണമെന്നുള്ള അമ്മയുടെ ദൃഢനിശ്ചയം ഓർമിപ്പിച്ചു. പരീക്ഷക്ക് പോകുന്നതിനുമുമ്പ്, സുനിൽ തന്റെ ഹാൾ ടിക്കറ്റ് അമ്മയുടെ കാൽക്കൽ വെച്ച് പ്രാർഥിച്ചു. കണ്ണീരോടെ മൃതദേഹത്തിന്‍റെ കാൽ തൊട്ട് വണങ്ങി. കുടുംബാംഗങ്ങൾ അവനെ ആശ്വസിപ്പിക്കുകയും പരീക്ഷാ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനടക്കം നിരവധിപ്പേരാണ് സുനിലിന് പിന്തുണയറിയിച്ചത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷിന്റെ സംഘം സുനിലുമായി സംസാരിച്ച് പിന്തുണ വാഗ്ദാനം ചെയ്തു.“ഇത് തമിഴ് സമൂഹമാണ്! നമ്മുടെ ജീവനേക്കാൾ പ്രധാനമാണ് വിദ്യാഭ്യാസം” എന്നാണ് മുഖ്യമന്ത്രി എക്സ് പോസ്റ്റിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.