ശല്യക്കാരായ മാധ്യമപ്രവർത്തകരെ കണ്ടെത്തൂ... അവർക്ക് ഒരു കപ്പ് ചായ വാങ്ങിക്കൊടുത്താൽ നമുക്കെതിരെ ഒന്നും എഴുതില്ല; ബി.ജെ.പി നേതാവിന്റെ പ്രസംഗം വിവാദത്തിൽ

ന്യൂഡൽഹി: 2024ലെ ലോക് സഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാധ്യമങ്ങൾ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരെ ഒന്നും എഴുതാതെ ശ്രദ്ധിക്കണമെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് ചന്ദ്രശേഖർ ബവൻകൂൾ. പ്രശ്നക്കാരായ മാധ്യമപ്രവർത്തകരെ കണ്ടെത്തി, അവർക്ക് ചായ വാങ്ങിക്കൊടുത്ത് വശത്താക്കണമെന്നും ബവൻകൂൾ ബി.ജെ.പി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവിന്റെ പരാമർശം വിവാദമായിട്ടുണ്ട്. ''ശല്യക്കാരായ മാധ്യമ​ പ്രവർത്തകരുടെ പട്ടിക തയാറാക്കണം. അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം. ആ മാധ്യമപ്രവർത്തകർക്ക് ചായ വാങ്ങിക്കൊടുക്കൂ. ഞാനെന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്ക് മനസിലാകും.​''-എന്നാണ് ചന്ദ്രശേഖർ ബവൻകൂൾ പറഞ്ഞത്. അഹ്മദ്നഗറിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ബവൻകൂൾ.

ബി.ജെ.പി നേതാവിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവർത്തകർ ബി.ജെ.പിയെ പുകഴ്ത്തുന്ന വാർത്തകൾ മാത്രമേ നൽകുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്നും പ്രസംഗത്തിൽ ആഹ്വാനമുണ്ട്. ''ശല്യക്കാരായ മാധ്യമപ്രവർത്തകരെ ദാബകളിൽ കൊണ്ടുപോയി ചായ വാങ്ങിക്കൊടുക്കുക. നമുക്ക് എതിരായ ഒന്നും എഴുതരുത് എന്ന് അവരോട് പറയണം. അങ്ങനെ നല്ല വാർത്തകൾ വന്നുതുടങ്ങും. ആദ്യം സ്വന്തം ബൂത്ത് സംരക്ഷിക്കുക.''-എന്നായിരുന്നു ബവൻകൂളിന്റെ പ്രസംഗം. ഇതിനെതിരെ രൂക്ഷമായാണ് പ്രതിപക്ഷം പ്രതികരിച്ചത്. ബി.ജെ.പി മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണെന്ന് കോൺ​ഗ്രസ് നേതാവ് വിജയ് വാഡേതിവാർ ആരോപിച്ചു. മാധ്യമ പ്രവർത്തകരെ വിൽപനക്ക് വെച്ചിട്ടില്ല.

നിങ്ങളുടെ ഇത്തരം നുറുക്കുകൾ മാധ്യമപ്രവർത്തകർ സ്വീകരിക്കുമോ എന്ന് കരുതുന്നുണ്ടോ? കേന്ദ്രത്തിലായാലും പ്രാദേശിക തലത്തിലായാലും നിങ്ങളുടെ നേതാക്കളുടെ അസ്വസ്ഥതകൾ ഞങ്ങൾക്ക് മനസിലാകുന്നുണ്ട്. അവർക്ക് വിമർശകരുടെ ശബ്ദം ഇല്ലാതാക്കാൻ കഴിയില്ല. അതിനാൽ വാഗ്ദാനങ്ങളുമായി നേരിട്ട് ഇറങ്ങിയിരിക്കുകയാണല്ലേ?-കോൺഗ്രസ് നേതാവ് ചോദിച്ചു. ബി.ജെ.പി നേതാവിന്റെ പരാമർശത്തിനെതിരെ എൻ.സി.പി നേതാവ് സുപ്രിയ സുലെയും രംഗത്ത് വന്നു. മാധ്യമങ്ങളെ എങ്ങനെ അടിച്ചമർത്തണമെന്ന പാഠമാണ് ബി.ജെ.പി നേതാവ് പഠിപ്പിക്കുന്നത്.

മാധ്യമപ്രവർത്തനം ശരിയായ രീതിയിൽ നടക്കരുത് എന്നത് ബി.ജെ.പിയുടെ നയമാണ്. ജനാധിപത്യത്തെ സ്വീകരിക്കാൻ സാധിക്കില്ലെന്ന് ബി.ജെ്പി സമ്മതിക്കണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു. പരാമർശം വിവാദമായതോടെ, തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന ന്യായീകരണവുമായി ബി.ജെ.പി നേതാവ് രംഗത്തുവന്നിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.