സയ്യിദ് ശഹാബുദ്ദീന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറ മുന്‍ പ്രസിഡന്‍റും ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി നേതാവും മുന്‍ എം.പിയുമായ സയ്യിദ് ഷഹാബുദ്ദീന്‍ അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നോയിഡയിലെ ജെ.പി ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു.

1935ല്‍ പഴയ ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ജനിച്ച സയ്യിദ് ഷഹാബുദ്ദീന്‍ ഇന്ത്യന്‍ വിദേശ സര്‍വിസില്‍ ഉന്നത ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ച് രാഷ്ട്രീയ രംഗത്തിറങ്ങുകയായിരുന്നു. ജനതപാര്‍ട്ടി സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തില്‍ അരങ്ങേറ്റംകുറിച്ച ഷഹാബുദ്ദീന്‍ 1979നും 1996നുമിടയില്‍ മൂന്നുതവണ പാര്‍ലമെന്‍റ് അംഗമായി.

1983ല്‍ സ്വന്തം പത്രാധിപത്യത്തില്‍ ഷഹാബുദ്ദീന്‍ തുടങ്ങിയ ‘മുസ്ലിം ഇന്ത്യ’ 20 വര്‍ഷത്തോളം മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. 1980ല്‍ മുസ്ലിം എം.പിമാരുടെ യോഗം വിളിച്ചുകൂട്ടി ഇന്ത്യന്‍ മുസ്ലിംകളുടെ പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സമീപിച്ച് മുസ്ലിം നേതൃസ്ഥാനത്ത് എത്തിയ ഷഹാബുദ്ദീന്‍ ശാബാനു കേസിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ നിയമനിര്‍മാണത്തിനും ബാബരി മസ്ജിദ് തിരിച്ചുപിടിക്കുന്നതിനും നടത്തിയ നീക്കങ്ങളിലൂടെ ദേശീയതലത്തില്‍ ശ്രദ്ധേയനായി.

നോയിഡയില്‍നിന്ന് മൃതദേഹം ഉച്ചയോടെ ഡല്‍ഹി നിസാമുദ്ദീനിലത്തെിച്ചു. ജനാസ നമസ്കാരത്തിനു ശേഷം നിസാമുദ്ദീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, സയ്യിദ് ഷഹാബുദ്ദീന്‍െറ മരുമകന്‍ അഫ്സല്‍ അമാനുല്ല, സ്വാമി അഗ്നിവേശ്, ജമാഅത്തെ ഇസ്ലാമി അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി, വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ പ്രസിഡന്‍റ് എസ്.ക്യു.ആര്‍. ഇല്യാസ്, അഖിലേന്ത്യ സെക്രട്ടറി പി.സി. ഹംസ, പോപുലര്‍ ഫ്രണ്ട് നേതാക്കളായ ഇ. അബൂബക്കര്‍, ഇ.എം. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു. ഭാര്യയും ബിഹാറില്‍ മന്ത്രി സ്ഥാനം രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന പര്‍വീന്‍ അമാനുല്ല അടക്കം നാല് പെണ്‍മക്കളുമുണ്ട്.

Tags:    
News Summary - Syed Shahabuddin dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.