എസ്.വൈ ഖുറൈഷി

‘പോളിങ് കണക്കുകളിലെ പൊരുത്തക്കേട് ആശങ്കാജനകം; അപാകതകൾ തെരഞ്ഞെടുപ്പ് കമീഷൻ പരിഹരിക്കണം’

ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിലെ കണക്കുകൾ തമ്മിലുള്ള പൊരുത്തക്കേടുകളിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ ഖുറൈഷി രംഗത്ത്. വൈകുന്നേരം അഞ്ച് മണി വരെ 55 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന കണക്ക് തൊട്ടടുത്ത ദിവസം 67 ശതമാനമായി ഉയർന്നുവെന്നും ഈ കണക്ക് ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2010 മുതൽ 2012 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി സേവനമനുഷ്ഠിച്ചയാളാണ് എസ്.വൈ ഖുറൈഷി.

“നവംബർ 20ന് നടന്ന വോട്ടെടുപ്പിൽ വൈകുന്നേരം അഞ്ച് മണി വരെ 55 ശതമാനം പോളിങ് രേഖപ്പെടുത്തി. അടുത്ത ദിവസം ഈ കണക്ക് 67 ശതമാനമായി ഉയർന്നു. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വോട്ടർമാരുടെ വിവരങ്ങൾ തത്സമയം രേഖപ്പെടുത്തും. ഫോറം 17എ ബൂത്തുകളിലെ ഹാജർ രേഖപ്പെടുത്തുകയും ഫോറം 17സിയിൽ വോട്ടെടുപ്പിന്റെ അവസാനം ആകെ രേഖപ്പെടുത്തിയ വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഫോമുകൾ സ്ഥാനാർഥികളുടെ ഏജന്റുമാർ ഒപ്പിട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും.

ഒരേ ദിവസം തന്നെയുള്ള ഡേറ്റയാണിത്. അടുത്ത ദിവസം എങ്ങനെ വലിയ രീതിയിൽ മാറുന്നു എന്നത് മനസ്സിലാക്കാൻ കഴിയാത്ത കാര്യമാണ്. പ്രശ്‌നം ഉടനടി പരിഹരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിക്കുകയാണ്. ഇത്തരം അപാകതകൾ തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കും” -ഖുറൈഷി പറഞ്ഞു.

മേയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. പോളിങ് കണക്കുകൾ തമ്മിൽ 5-6 ശതമാനം വ്യത്യാസമാണ് അന്ന് വന്നത്. ഇതിനെത്തുടർന്ന് തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും 48 മണിക്കൂറിനുള്ളിൽ പോളിങ് സ്റ്റേഷൻ തിരിച്ചുള്ള കണക്കുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) സുപ്രീംകോടതിയിൽ ഹരജി നൽകി. എന്നാൽ, സാങ്കേതിക വെല്ലുവിളികൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹരജി നിരസിച്ചു, അത്തരം വിവരങ്ങൾ തയാറാക്കി പുറത്തുവിടുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ സങ്കീർണമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കോടതിയിൽ വാദിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളോട് തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Former Chief Election Commissioner SY Quraishi Raises Alarm Over Discrepancies In Maharashtra Assembly Election Voter Turnout Data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.