ഫയൽ ചിത്രം
ഒഡീഷയിലും വോട്ടർപട്ടികയിൽ നിന്ന് മുസ്‌ലിംകളെ വെട്ടിനിരത്താൻ ബി.ജെ.പി ശ്രമം; ഭദ്രകിൽ ലക്ഷ്യമിട്ടത് 90 ശതമാനം മുസ്‌ലിംകളുള്ള 30 ബൂത്തുകൾ
ഭുവനേശ്വർ: രാജ്യവ്യാപകമായി നടക്കുന്ന വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനത്തിന്റെ (എസ്.ഐ.ആർ) മറവിൽ ഒഡീഷയിലെ തീരദേശ നഗരമായ ഭദ്രകിൽ മുസ്‌ലിം വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കാൻ ബി.ജെ.പി ഏജന്റുമാർ ആസൂത്രിത നീക്കം നടത്തിയതായി അന്വേഷണാത്മക റിപ്പോർട്ട്. ഭദ്രക് നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി ബൂത്ത് ലെവൽ ഏജന്റുമാർ (ബി.എൽ.എ) നൂറുകണക്കിന് മുസ്‌ലിം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനായി കൂട്ടത്തോടെ വ്യാജ അപേക്ഷകൾ സമർപ്പിച്ചതായി മാധ്യമ കൂട്ടായ്മയായ 'ദ റിപ്പോർട്ടേഴ്സ് കളക്ടീവ്' രേഖകൾ സഹിതം വെളിപ്പെടുത്തുന്നു.
വോട്ടർപട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കാനായി ഉപയോഗിക്കുന്ന നിയമാനുസൃത രേഖയായ 'ഫോം 7' ദുരുപയോഗം ചെയ്താണ് ബി.ജെ.പി ഏജന്റുമാർ ഈ നീക്കം നടത്തിയത്. ഭദ്രക് മണ്ഡലത്തിൽ 90 ശതമാനത്തിലധികം മുസ്‌ലിം ജനസംഖ്യയുള്ള മുപ്പതോളം ബൂത്തുകളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് പ്രാദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ (ബി.എൽ.ഒ) വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരശേഖരത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവുകൾ ഇല്ലാതിരിക്കെ, വോട്ടർപട്ടിക പരിശോധിച്ച് മുസ്‌ലിം പേരുകൾ പ്രത്യേകം കണ്ടെത്തി കമ്പ്യൂട്ടർ വഴി വ്യാജമായി ഫോമുകൾ തയ്യാറാക്കുകയായിരുന്നു. ഓരോ ബൂത്തിലും നൂറിലധികം ഫോം 7 അപേക്ഷകളാണ് കൂട്ടമായി നൽകിയത്. 400 മുതൽ 1,100 വരെ മാത്രം വോട്ടർമാരുള്ള ബൂത്തുകളിൽ ഇത്രയധികം പേരുകൾ ഒഴിവാക്കപ്പെടുന്നത് തെരഞ്ഞെടുപ്പ് ഫലത്തെത്തന്നെ അട്ടിമറിക്കാൻ പോന്നതാണ്.
ഉദ്യോഗസ്ഥർക്ക് സമ്മർദ്ദം; കുടുംബത്തോടെ പുറത്താക്കാൻ ശ്രമം
ഫോം 7 വഴി തെറ്റായ വിവരങ്ങൾ നൽകുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 31 പ്രകാരം ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. എന്നാൽ, വ്യാജ അപേക്ഷകൾ നൽകിയ ബി.ജെ.പി പ്രവർത്തകർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിന് പകരം, ഈ അപേക്ഷകൾ സ്വീകരിക്കാനും ആരോപണവിധേയരായ മുസ്‌ലിം വോട്ടർമാരെ വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കാനും ജില്ലാ സബ് കളക്ടറുടെ ഓഫീസ് തങ്ങളെ നിർബന്ധിക്കുകയായിരുന്നുവെന്ന് ബി.എൽ.ഒമാർ ആരോപിക്കുന്നു. വീടുവീടാന്തരം കയറിയിറങ്ങി തങ്ങൾ മുൻപ് തന്നെ കൃത്യമായി പരിശോധിച്ച യഥാർത്ഥ വോട്ടർമാരാണ് ഇവരെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും ഉന്നത ഭരണകൂടം അത് ചെവിക്കൊണ്ടില്ല.
ഭദ്രകിൽ 17 ബൂത്തുകളുടെ ചുമതലയുണ്ടായിരുന്ന ഹെഡ് ബി.എൽ.ഒ യെയും അദ്ദേഹത്തിന്റെ മക്കളെയും വരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാനായി ബി.ജെ.പി സംഘം ഇത്തരത്തിൽ ഫോം നൽകിയിരുന്നു. അദ്ദേഹം മേൽനോട്ടം വഹിച്ച 10 ബൂത്തുകളിൽ നിന്നായി 1,150 മുസ്‌ലിം വോട്ടർമാർക്കെതിരെയാണ് ബി.ജെ.പി പ്രാദേശിക നേതാക്കൾ പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പരാതികളെല്ലാം വ്യാജമാണെന്നും എല്ലാവരും യഥാർത്ഥ വോട്ടർമാരാണെന്നും വ്യക്തമായി. വോട്ടർമാരുടെ പേരും വിലാസവുമെല്ലാം മുൻകൂട്ടി കമ്പ്യൂട്ടറിൽ പ്രിന്റ് ചെയ്ത ഫോമുകളിൽ പരാതിക്കാരുടെ ഒപ്പും ഫോൺ നമ്പറും മാത്രമാണ് കൈപ്പടയിൽ എഴുതിയിരുന്നതെന്നും, ഇത് കേന്ദ്രീകൃത ഗൂഢാലോചനയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മറ്റ് സംസ്ഥാനങ്ങളിലെ നീക്കങ്ങളുടെ തുടർച്ച
ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, അസം എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിലും വോട്ടർപട്ടിക പുതുക്കലിന്റെ ആദ്യ ഘട്ടങ്ങളിൽ ബി.ജെ.പി സമാനമായ രീതിയിൽ മുസ്‌ലിം വോട്ടർമാരെ ലക്ഷ്യമിട്ടതായി മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. ബിഹാറിലെ ഒരു മണ്ഡലത്തിൽ മാത്രം 80,000 മുസ്‌ലിം വോട്ടർമാരെ ഇത്തരത്തിൽ ഒഴിവാക്കാൻ ശ്രമം നടന്നിരുന്നു.
- ടാർഗെറ്റ് ചെയ്തത്: ഭദ്രക് മണ്ഡലത്തിൽ 90 ശതമാനത്തിലധികം മുസ്ലിം വോട്ടർമാരുള്ള 30 ബൂത്തുകൾ.
- വ്യാജ ഫോം 7: കമ്പ്യൂട്ടറിൽ പ്രിന്റ് ചെയ്ത ആയിരക്കണക്കിന് അപേക്ഷകൾ ബി.ജെ.പി ബൂത്ത് ഏജന്റുമാർ കൂട്ടത്തോടെ നൽകി.
- ഉദ്യോഗസ്ഥർക്ക് സമ്മർദ്ദം: യഥാർത്ഥ വോട്ടർമാരാണെന്ന് പറഞ്ഞിട്ടും പുനഃപരിശോധന നടത്താൻ ഭരണകൂടത്തിന്റെ നിർദ്ദേശം.
- നിയമലംഘനം: വ്യാജ ഫോം നൽകുന്നത് ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമായിട്ടും അക്രമികൾക്കെതിരെ കേസെടുത്തില്ല.
ഭദ്രകിൽ വ്യാജ ഫോം 7 നൽകിയ വ്യക്തികൾക്കെതിരെ അഞ്ച് വോട്ടർമാർ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. ബിജു ജനതാദളും വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചു. ഫോം 7 ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും വ്യാജ അപേക്ഷകൾ ഉടനടി റദ്ദാക്കണമെന്നും ഒഡീഷയിൽ മുനിസിപ്പാലിറ്റി അധ്യക്ഷയായ ആദ്യ മുസ്‌ലിം വനിതയും ഭദ്രക് മുനിസിപ്പാലിറ്റി ചെയർപേഴ്സണുമായ ഗുൽമാക്കി ദൽവാസി ഹബീബ് ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനോ ജില്ലാ കളക്ടറോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.