കസ്റ്റഡി മര്‍ദനം: മനുഷ്യാവകാശ കമീഷനോട് സുപ്രീംകോടതി വിശദീകരണം തേടി

ന്യൂഡല്‍ഹി: കസ്റ്റഡിയിലെടുത്തവരെ മനുഷ്യത്വരഹിതമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി ദേശീയ മനുഷ്യാവകാശ കമീഷനോട് (എന്‍.എച്ച്.ആര്‍.സി) വിശദീകരണം തേടി. ഡല്‍ഹി യൂനിവേഴ്സിറ്റി അധ്യാപകനും 90 ശതമാനം അംഗപരിമിതനും വീല്‍ ചെയറില്‍ കഴിയുന്നയാളുമായ ജി.എന്‍. സായിബാബക്ക് നാഗ്പൂര്‍ ജയിലില്‍ പൊലീസുകാരില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന ക്രൂര മര്‍ദനത്തെക്കുറിച്ച് സമര്‍പ്പിച്ച കേസില്‍ മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ അശ്വനി കുമാറാണ് കസ്റ്റഡി മര്‍ദനം തടയാന്‍ നിയമം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് എന്‍.എച്ച്.ആര്‍.സിയോട് വിശദീകരണം തേടിയത്.

അതേസമയം, പ്രതിക്കുവേണ്ടി റിട്ട് സമര്‍പ്പിച്ച അഭിഭാഷകന് സര്‍ക്കാറിനോട് നിയമം നിര്‍മിക്കാന്‍ ആവശ്യപ്പെടാനാവില്ളെന്ന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസിനെ അമിക്കസ്ക്യൂറിയായി നിയമിച്ചു. കസ്റ്റഡി മര്‍ദനത്തിനെതിരെ 1997ല്‍ ഐക്യരാഷ്ട്രസഭ പാസാക്കിയ നിയമത്തില്‍ ഇന്ത്യ ഇതുവരെ ഒപ്പുവെക്കാന്‍ തയാറായിട്ടില്ളെന്നും അശ്വനി കുമാര്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - supremecourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.