ന്യൂഡൽഹി: കല്ലേറ് ഉൾപ്പെടെ അക്രമാസക്ത പ്രതിഷേധങ്ങൾ മൗലികാവകാശങ്ങളുടെ പരിധിയിൽ പെട്ടതല്ലെന്ന് സുപ്രീംകോടതി വിധി. ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ പരിധിയിൽപ്പെടുന്ന വിഷയമല്ല ഇതെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രകടനം നടത്താനുള്ള കാരണം സോദ്ദേശ്യപരമായിരിക്കാം. എന്നാൽ, അക്രമം നടത്താനും പൊതുമുതൽ നശിപ്പിക്കാനും ജനജീവിതം തടസ്സപ്പെടുത്താനുമുള്ള ലൈസൻസ് അല്ല അത്.
ഡാർജീലിങ്ങിൽ ആക്രമണമഴിച്ചുവിട്ടതിെൻറ പേരിൽ ഗൂർഖ ജനമുക്തി മോർച്ച നേതാവ് ബിമൽ ഗുരുങ്ങിനെതിരെ പശ്ചിമബംഗാൾ സർക്കാർ നൽകിയ കേസുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.
സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള അവകാശത്തിനു മാത്രമാണ് ഭരണഘടന സംരക്ഷണം നൽകുന്നതെന്ന് അശോക് ഭൂഷൺ ചൂണ്ടിക്കാട്ടി. രാഷ്ട്രീയം-മതം-സാമൂഹികം തുടങ്ങി ഏതു തരത്തിലുള്ള പ്രകടനമായാലും അത് പൊതുജീവിതത്തിന് തടസ്സമോ ശല്യമോ സൃഷ്ടിക്കുന്നതാണെങ്കിൽ ഭരണഘടന അനുശാസിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ പരിധിയിൽപ്പെടില്ലെന്നും കോടതി നിരീക്ഷിച്ചു.
അധികാരികൾക്കെതിരായ വിയോജിപ്പുകൾ അറിയിക്കാനുള്ള മാർഗമാണ് പ്രകടനങ്ങൾ. അതിന് അക്രമമല്ലാത്ത നിരവധി രീതികൾ സ്വീകരിക്കാവുന്നതാണ്.
സമാധാനപരമായും പൊതുജനങ്ങളോട് സംവദിക്കാം. എന്നാൽ, അക്രമണത്തിന് പ്രേരണ നൽകുന്ന രീതിയിലാകരുത്.
പൗരാവലിയെ ഒന്നടങ്കം നിശ്ചലമാക്കി വിവിധ രാഷ്ട്രീയ പാർട്ടികളോ, സംഘടനകളോ ബന്ദ് നടത്തുന്നതിനെക്കുറിച്ചുള്ള കേരള ഹൈകോടതിയുടെ വിധിയെയും സുപ്രീംകോടതി പരാമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.