ജെല്ലിക്കെട്ടിന് നിരോധനമില്ല; തമിഴ്നാട് സർക്കാർ പാസാക്കിയ നിയമം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പരമ്പരാഗത കാളപ്പോരായ ജെല്ലിക്കെട്ടിന് നിയമസാധുത നൽകാനുള്ള തമിഴ്നാട് സർക്കാറിന്റെ നിയമഭേദഗതി അംഗീകരിച്ച് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ കാളവണ്ടിയോട്ടവും കർണാടകയിലെ കമ്പളയും ( കാളയോട്ട മത്സരം) നിയമവിധേയമാക്കിയ അതത് സംസ്ഥാനങ്ങളുടെ തീരുമാനവും ​കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് ശരിവെച്ചു. 1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന നിയമമാണ് മൂന്ന് സംസ്ഥാനങ്ങളും ​ഭേദഗതി ചെയ്തത്.

ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ ഭാഗമാണെന്ന് നിയമ നിർമാണസഭ പറയുമ്പോൾ നീതിന്യായ കോടതി ആ കാഴ്ചപ്പാടിനെതിരായി നീങ്ങുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ജെല്ലിക്കെട്ട് തമിഴ്നാട്ടിൽ തുടരുന്നതായ തെളിവുകളിൽ കോടതി തൃപ്തരാണ്. എന്നാൽ, സംസ്കാരത്തിന്റെ ഭാഗമാണോയെന്ന് വിശദമായ വിലയിരുത്തൽ നടത്തണം. കോടതി അതിന് മുതിരുന്നില്ലെന്നും നിയമ നിർമാണസഭയാണ് ആ വിലയിരുത്തൽ നടത്താൻ കൂടുതൽ അനുയോജ്യരെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2014ൽ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. പിന്നീടാണ് മൃഗങ്ങൾക്കെതിരെ ക്രൂരത തടയുന്ന നിയമത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി വരുത്തിയത്. അന്നത്തെ ജെല്ലിക്കെട്ടിന്റെ സ്വഭാവമനുസരിച്ചാണ് 2014ൽ നിരോധിക്കാൻ കാരണമെന്ന് കോടതി വ്യക്തമാക്കി. മൃഗങ്ങളെ വേദനിപ്പിക്കില്ലെന്ന് നിയമഭേദഗതിയിൽ പറഞ്ഞതായും രാഷ്ട്രപതിയടക്കം നിയമത്തിന് ഈ അംഗീകാരം നൽകിയതായും കോടതി ചൂണ്ടിക്കാട്ടി.

ജെല്ലിക്കെട്ടുൾപ്പെടെയുള്ള കാളയോട്ട മത്സരങ്ങൾക്ക് അനുമതി നൽകി 2016ൽ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെ അനിമൽ വെൽഫയർബോർഡും ​‘പെറ്റ’ ഉൾപ്പെടെയുള്ള മൃഗസ്നേഹി സംഘടനകളും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 2014ലെ വിധി പാലിക്കാൻ നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. ഇതിനിടെയാണ് തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും കർണാടകയിലും നിയമം ഭേദഗതി ചെയ്തത്. തുടർന്ന് ഈ നിയമ ഭേദഗതി റദ്ദാക്കണമെന്ന രീതിയിൽ പിന്നീട് ഹരജികൾ പുതുക്കുകയായിരുന്നു.

Tags:    
News Summary - Supreme Court Upholds Laws Allowing Jallikattu, Kambala & Bull-Cart Racing In Tamil Nadu, Karnataka & Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.