യാന്ത്രികമായി ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്നത് ശരിയല്ല, അന്വേഷണ ഏജൻസികളെ ബോധവത്കരിക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: ആത്മഹത്യ ചെയ്യുന്നവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ യാന്ത്രികമായി ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. നിയമനടപടികളുടെ ദുരുപയോഗത്തിന് ആളുകൾ വിധേയരാകാതിരിക്കാൻ അന്വേഷണ ഏജൻസികളെ ബോധവത്കരിക്കണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഐ.പി.സി 306-ാം വകുപ്പ് അലക്ഷ്യമായും എളുപ്പത്തിലും പൊലീസ് ഉപയോഗിക്കുന്നതായി തോന്നുന്നു. യഥാർഥ കുറ്റക്കാരെ ഒഴിവാക്കേണ്ടതില്ലെങ്കിലും, വ്യക്തികൾക്കെതിരെ ഈ വകുപ്പ് ഉടനടി പ്രയോഗിക്കുന്നത് പലപ്പോഴും മരിച്ചവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെന്ന നിലയിലാണ്. പ്രതിയുടെയും ഇരയുടെയും മരണത്തിന് മുമ്പുള്ള ഇടപെടലുകളും സംഭാഷണങ്ങളും പ്രായോഗിക വീക്ഷണകോണിൽ നിന്ന് സമീപിക്കേണ്ടതാണ്. വിചാരണക്കോടതികളും ഇക്കാര്യത്തിൽ അനുയോജ്യമായ സമീപനം സ്വീകരിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

ആത്മഹത്യ പ്രേരണക്കുറ്റത്തിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായെത്തിയ മഹേന്ദ്ര അവസെ എന്നയാളുടെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. നേരത്തെ ഇയാളുടെ ആവശ്യം തള്ളിയ മധ്യപ്രദേശ് ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്. ലോൺ തിരിച്ചടവിന്റെ പേരിൽ ശല്യപ്പെടുത്തുന്നുവെന്ന് കാണിച്ച് മഹേന്ദ്രയുടെ പേരെഴുതിവെച്ച് ഒരാൾ ആത്മഹത്യ ചെയ്തതാണ് കേസിനാധാരം. സാക്ഷി മൊഴികളും ഇയാൾക്കെതിരായിരുന്നു. തൊഴിലുടമയുടെ നിർദേശപ്രകാരം കുടിശ്ശികയുള്ള വായ്പകൾ തിരിച്ചടപ്പിക്കാനുള്ള ശ്രമമാണ് അപ്പീലുകാരൻ നടത്തിയതെന്നും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Supreme Court: Suicide abetment charges must not be invoked ‘mechanically’ to comfort deceased’s family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.