'ട്രൈബ്യുണൽ അംഗങ്ങളായി ഇഷ്ടമുളളവർക്ക് മാത്രം നിയമനം നൽകുന്നു'; കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ട്രൈബ്യുണൽ അംഗങ്ങളുടെ നിയമനങ്ങളിൽ കാലതാമസം വരുന്നതിൽ കേന്ദ്ര സർക്കാറിനോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. ജഡ്ജിമാർ നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പ് സമിതികൾ നൽകുന്ന ശിപാർശകൾ അവഗണിച്ച് സർക്കാറിന് ഇഷ്ടമുളളവർക്ക് നിയമനം നൽകുകയാണെന്ന് പരമോന്നത കോടതി കുറ്റപ്പെടുത്തി.

നാഷണൽ കമ്പനി ലോ ട്രൈബ്യുണൽ, ഇൻകം ടാക്സ് അപ്പലെറ്റ് ട്രൈബ്യുണൽ എന്നിവയിൽ അംഗങ്ങളെ നിയമിച്ച കേന്ദ്ര സർക്കാർ രീതിയിലാണ് സുപ്രീംകോടതി അതൃപ്തി അറിയിച്ചത്. സുപ്രീംകോടതിയിലെ രണ്ടു ജഡ്ജിമാരും രണ്ട് സെക്രട്ടറിമാരും അടങ്ങുന്ന സമിതി നിയമനത്തിനായി നൽകിയ ശിപാർശപട്ടികയിൽ പലർക്കും നിയമന ഉത്തരവ്‌ ലഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നാഷണൽ കമ്പനി ലോ ട്രൈബ്യുണലിൽ നിയമനത്തിനായി ഒമ്പത് ജുഡീഷ്യൻ അംഗങ്ങളുടെയും 10 സാങ്കേതിക അംഗങ്ങളുടെയും പേരുകൾ തെരഞ്ഞെടുപ്പ് സമിതി കേന്ദ്ര സർക്കാറിന് കൈമാറിയിരുന്നത്. എന്നാൽ സർക്കാറിന് ഇഷ്ടപ്പെട്ടവർക്ക് മാത്രമാണ് നിയമന ഉത്തരവ് ലഭിച്ചത്. ഇത് അംഗീകരിക്കാൻ കഴിയില്ല. കോവിഡ് കാലത്ത് രാജ്യ വ്യാപകമായി സഞ്ചരിച്ചാണ് തെരഞ്ഞെടുപ്പ് സമിതി പട്ടിക തയ്യാറാക്കിയത്. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിയമവാഴ്ചയാണ് നിലനിൽക്കുന്നത്. ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് സമിതി നൽകുന്ന ശിപാർശകൾ നിരാകരിക്കാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്ന് യു.പി.എസ്.സി കേസിൽ സുപ്രീംകോടതി വിധിച്ചിട്ടുള്ളതായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ആ വിധിയുടെ അടിസ്ഥാനത്തിലാണ് വെയ്റ്റിങ് ലിസ്റ്റ് പട്ടികയിൽ നിന്ന് നിയമനം നടത്തിയതെന്നും അറ്റോർണി ജനറൽ വിശദീകരിച്ചു.      

Tags:    
News Summary - Supreme Court Slams Centre For "Cherry Picking" Names For Tribunals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.