ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾക്ക് അതിവേഗ തീർപ്പ്; പഴയ കേസുകൾ തീർക്കാൻ പ്രത്യേക ഡിവിഷൻ ബെഞ്ചുകൾ

ന്യൂഡൽഹി: സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന ഏറ്റവും പഴയ സിവിൽ, ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ചരിത്രപരമായ ഭരണപരിഷ്കാരവുമായി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. വർഷങ്ങളായി തീർപ്പുകൽപ്പിക്കാത്ത പഴയ കേസുകൾ പരിഗണിക്കുന്നതിനായി മാത്രം നാല് പ്രത്യേക ബെഞ്ചുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ റോസ്റ്റർ ചീഫ് ജസ്റ്റിസ് പുറത്തിറക്കി. ഇതിന്റെ ഭാഗമായി ദീർഘകാലമായി പരിഹാരം കാത്തുകിടക്കുന്ന 800ഓളം കേസുകൾ കോടതി പ്രത്യേകം കണ്ടെത്തിയിട്ടുണ്ട്. വേനലവധിക്ക് ശേഷം സുപ്രീംകോടതി പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് വേഗത്തിലുള്ള തീർപ്പാക്കൽ ലക്ഷ്യമിട്ട് പുതിയ മാറ്റങ്ങൾ വരുന്നത്.

വർഷങ്ങളോളം പഴക്കമുള്ള കേസുകളിൽ തുടർച്ചയായ ശ്രദ്ധ നൽകുകയും കാലതാമസം ഒഴിവാക്കി നീതി ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൊതുജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാൻ ഈ നടപടി സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കേസുകളിൽ വിധി പറയുക എന്നത് മാത്രമല്ല, പൗരന്മാർക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയുന്ന സമയപരിധിക്കുള്ളിൽ അത് ചെയ്യുക എന്നതാണ് ജുഡീഷ്യറിയുടെ ഏറ്റവും പ്രധാനപ്പെട്ട കടമ. കെട്ടിക്കിടക്കുന്ന ഓരോ പഴയ കേസും നീതിക്കായി വർഷങ്ങളോ ചിലപ്പോൾ പതിറ്റാണ്ടുകളോ കാത്തിരിക്കുന്ന ഓരോ വ്യക്തിയെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു കേസിന്റെ പഴക്കം അത് തുടർന്നും അവഗണിക്കപ്പെടുന്നതിനുള്ള കാരണമാകരുത്’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

പഴയ കേസുകളിൽ കൃത്യമായ തീർപ്പുണ്ടാകുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വർധിപ്പിക്കുമെന്നും കാലതാമസം കാരണം നീതി നിഷേധിക്കപ്പെടില്ലെന്ന ഭരണഘടനാപരമായ വാഗ്ദാനത്തെ അത് അരക്കിട്ടുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 13 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ റോസ്റ്റർ വിജ്ഞാപനമനുസരിച്ച്, ഏറ്റവും പഴയ കേസുകൾ വാദം കേൾക്കുന്നതിനായി നാല് പ്രത്യേക ബെഞ്ചുകളാണ് രൂപീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ട് ബെഞ്ചുകൾ സിവിൽ കേസുകളും ബാക്കി രണ്ട് ബെഞ്ചുകൾ ക്രിമിനൽ കേസുകളും പരിഗണിക്കും.

ജസ്റ്റിസ് പി.കെ. മിശ്ര, ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി എന്നിവർ അധ്യക്ഷരായുള്ള രണ്ട് ഡിവിഷൻ ബെഞ്ചുകൾ പഴയ സിവിൽ കേസുകളിൽ വാദം കേൾക്കും. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് ഡിവിഷൻ ബെഞ്ചുകൾ പഴയ ക്രിമിനൽ കേസുകൾ പരിഗണിക്കും. ചൊവ്വ, ബുധൻ, വ്യാഴം തുടങ്ങിയ ദിവസങ്ങളിലായിരിക്കും ഈ ബെഞ്ചുകൾ പൂർണ്ണമായും പഴയ കേസുകൾക്ക് മാത്രമായി സമയം മാറ്റിവെക്കുക. ഒരു ബെഞ്ചിന് ഏകദേശം 200 കേസുകൾ എന്ന കണക്കിൽ തുടക്കത്തിൽ 800 കേസുകളിലായിരിക്കും ഈ നാല് ബെഞ്ചുകൾ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മറ്റ് അടിയന്തര ഹരജികളുടെയോ പുതിയ കേസുകളുടെയോ ഭാരമില്ലാതെ ആഴ്ചയിൽ മൂന്ന് പ്രവൃത്തി ദിവസങ്ങൾ ഈ ബെഞ്ചുകൾ പഴയ കേസുകൾക്കായി വിനിയോഗിക്കും. താൽക്കാലികമായ തീർപ്പാക്കൽ ഡ്രൈവുകളെ ആശ്രയിക്കുന്നതിന് പകരം ലക്ഷ്യാധിഷ്ഠിതമായ മാനേജ്‌മെന്റിലൂടെ കേസുകളുടെ ബാഹുല്യം കൈകാര്യം ചെയ്യുക എന്ന സി.ജെ.ഐ സൂര്യ കാന്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണിത്.

നാഷണൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡിന്റെ (NJDG) കണക്കുകൾ പ്രകാരം, സുപ്രീംകോടതിയിൽ നിലവിൽ 95,911 കേസുകളാണ് തീർപ്പാക്കാതെ കിടക്കുന്നത്. ഇതിൽ 74,145 സിവിൽ കേസുകളും 21,766 ക്രിമിനൽ കേസുകളും ഉൾപ്പെടുന്നു. ഇവയിൽ 39.4% ശതമാനം (37,826 കേസുകൾ) ഒരു വർഷത്തിൽ താഴെ മാത്രം പഴക്കമുള്ളവയാണ്. ഇതിനർത്ഥം കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ വലിയൊരു ശതമാനവും വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്നവയാണ് എന്നാണ്.

കഴിഞ്ഞ ദിവസം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർബിട്രേഷൻ ആൻഡ് മീഡിയേഷന്റെ (IIAM) സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യവേ, കേസുകൾ കെട്ടിക്കിടക്കുന്ന പ്രശ്നം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഊന്നിപ്പറഞ്ഞിരുന്നു. നിലവിൽ ഇന്ത്യൻ കോടതികളിൽ അഞ്ച് കോടിയിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നത്. കേവലം കോടതി നടപടികളിലൂടെ മാത്രം ഇത്രയും വലിയൊരു പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ലെന്നും, മധ്യസ്ഥത , ഓൺലൈൻ തർക്ക പരിഹാര മാർഗ്ഗങ്ങൾ എന്നിവ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Supreme Court Sets Up 4 Special Benches to Fast-Track Old Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.