ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന ബെഡ്‌റോളുകൾ (കിടക്കവിരികൾ, പുതപ്പ്, ടവൽ തുടങ്ങിയവ) വ്യാപകമായി മോഷ്ടിക്കപ്പെടുന്നതായി വിവരാവകാശ രേഖകൾ. കഴിഞ്ഞ നാല് വർഷത്തിനിടെ (2022 ജനുവരി മുതൽ 2026 മേയ് വരെ) 1.27 കോടി സാധനങ്ങളാണ് ഇത്തരത്തിൽ ട്രെയിനുകളിൽനിന്ന് നഷ്ടപ്പെട്ടത്. ഓരോ ആയിരം എസി യാത്രക്കാരിലും ഒരാൾ വീതം റെയിൽവേയുടെ സാധനങ്ങളുമായിട്ടാണ് മടങ്ങുന്നതെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു.
കോവിഡിന് ശേഷം ട്രെയിനുകളിൽ ബെഡ്‌റോൾ സേവനം പുനരാരംഭിച്ച 2022 ജനുവരി മുതലുള്ള കണക്കുകളാണിത്. 2022 മുതൽ 2025 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ മോഷണത്തിൽ 56 ശതമാനത്തിന്റെ വലിയ വർധനവാണുള്ളത്. റെയിൽവേയുടെ 69 ഡിവിഷനുകളിൽ 54 ഇടത്തുനിന്നും ലഭിച്ച വിവരാവകാശ മറുപടികളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
മോഷണം പോയവയിൽ ഏറ്റവും മുന്നിൽ മുഖം തുടക്കാൻ നൽകുന്ന ഫെയ്‌സ് ടവലുകളാണ് (46.54 ലക്ഷം). എളുപ്പത്തിൽ ബാഗിലാക്കാം എന്നതാണ് ഇതിന് കാരണം. ഇതിനു പിന്നാലെ ബെഡ്ഷീറ്റുകൾ (41.13 ലക്ഷം), തലയണ കവറുകൾ (23.59 ലക്ഷം), പുതപ്പുകൾ (12.95 ലക്ഷം), തലയണകൾ (2.76 ലക്ഷം) എന്നിങ്ങനെയാണ് കണക്കുകൾ.
മൊത്തം മോഷണത്തിന്റെ 67 ശതമാനവും നടക്കുന്നത് ഏഴ് സോണുകളിലായുള്ള 10 ഡിവിഷനുകളിലാണ്.ഏറ്റവും കൂടുതൽ മോഷണം നടന്നത് ബിക്കാനീറിലാണ് - 25.76 ലക്ഷം സാധനങ്ങൾ. റാഞ്ചി (9.31 ലക്ഷം), ഡൽഹി (8.21 ലക്ഷം), മുംബൈ (8.17 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നിൽ. ബിക്കാനീറിൽ മാത്രം മോഷണം 2022നെ അപേക്ഷിച്ച് നാല് മടങ്ങ് വർധിച്ചു. ബിക്കാനീറിൽ ബെഡ്ഷീറ്റുകളാണ് കൂടുതലും മോഷണം പോയതെങ്കിൽ ഡൽഹി, റാഞ്ചി, മുംബൈ തുടങ്ങിയ ഇടങ്ങളിൽ ടവലുകൾക്കും, ജോധ്പൂരിൽ പുതപ്പുകൾക്കുമാണ് (3.4 ലക്ഷം) യാത്രക്കാർക്കിടയിൽ പ്രിയം. സോൻപുർ, ബിലാസ്പൂർ എന്നിവിടങ്ങളിൽ തലയണ കവറുകളാണ് കൂടുതൽ നഷ്ടപ്പെട്ടത്.
അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹിയിൽ മോഷണം 79 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യൻ ഡിവിഷനുകളായ കേരളത്തിലെ പാലക്കാട്, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽനിന്ന് ഒരു സാധനം പോലും മോഷണം പോയിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.
മോഷണം മൂലം നാല് വർഷത്തിനിടെ 104.51 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഈ മേഖലയിലെ കരാറുകാർക്കുണ്ടായത്. എന്നാൽ ഈ തുക പ്രധാനമായും ഈടാക്കുന്നത് ദിവസേന വെറും 700 രൂപ മാത്രം വേതനം ലഭിക്കുന്ന കോച്ച് അറ്റൻഡന്റുമാരുടെ ശമ്പളത്തിൽനിന്നാണ്. ഓരോ സാധനത്തിനും നിശ്ചിത തുക (പുതപ്പിന് 343 രൂപ, ബെഡ്ഷീറ്റിന് 198 രൂപ, തലയണക്ക് 115 രൂപ, കവറിന് 55 രൂപ, ടവലിന് 48 രൂപ) ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുകയാണ് പതിവ്. ഇതുകാരണം ഒരു മാസം 2000 മുതൽ 3000 രൂപ വരെ തങ്ങളുടെ തുച്ഛമായ ശമ്പളത്തിൽ നിന്ന് നഷ്ടപ്പെടുന്നുണ്ടെന്ന് ജീവനക്കാർ സങ്കടത്തോടെ പറയുന്നു. നഷ്ടം സഹിക്കാനാവാതെ പല കരാറുകാരും റെയിൽവേയുമായുള്ള കരാർ ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ട്.
വിഷയം അതീവ ഗൗരവകരമാണെന്നും പ്രതികൾക്കെതിരെ നടപടിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും റെയിൽവേ മന്ത്രാലയ വക്താവ് പ്രതികരിച്ചു. ജീവനക്കാരുടെ ഒത്താശയോടെയാണ് മോഷണം നടക്കുന്നതെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ല. കൂടുതൽ സാധനങ്ങൾ വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും റെയിൽവേ സമ്മതിക്കുന്നു.
പല ഡിവിഷനുകളും നഷ്ടപ്പെട്ട സാധനങ്ങളുടെ കൃത്യമായ തുക വെളിപ്പെടുത്താത്തതിനാൽ യഥാർത്ഥ സാമ്പത്തിക നഷ്ടം 104 കോടിയിലും എത്രയോ മുകളിലായിരിക്കുമെന്നാണ് വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.