പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സമാജ്‌വാദി പാർട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവും പാർട്ടി നേതാവ് ഇക്ര ചൗധരിയും സന്ദർശിക്കുന്നു. 

'പൊലീസ് അമിതാധികാരം പ്രയോഗിച്ചു': ദലിത് പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചവർക്കുനേരെ ലാത്തിച്ചാർജ്; യുപി സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

മീററ്റ്:ഉത്തർപ്രദേശിലെ മീററ്റിൽ ദലിത് വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ഇടപെട്ടു. സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് മേധാവിക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും കമ്മീഷൻ നോട്ടീസ് അയച്ചു.

മേയ് 15-ന് കാണാതായ 20 കാരിയുടെ മൃതദേഹം മേയ് 17-ന് റോഹ്തക്കിൽനിന്നാണ് കണ്ടെത്തിയത്. കൊലപാതകത്തിൽ പ്രധാന പ്രതിയെയും തെളിവ് നശിപ്പിച്ചതിന് മറ്റൊരു വ്യക്തിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും, അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനെത്തുടർന്ന് കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.

പ്രതിഷേധം അടിച്ചമർത്താൻ പൊലീസ് അമിതാധികാരം പ്രയോഗിച്ചുവെന്നാണ് പ്രധാന ആരോപണം. പൊലീസ് വാഹനത്തിനുള്ളിൽ വെച്ച് മീററ്റ് സീനിയർ പൊലീസ് സൂപ്രണ്ട് അവിനാഷ് പാണ്ഡെ പ്രതിഷേധക്കാരനായ രവി ഗൗതമിനെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പ്രതിഷേധക്കാരെ അധിക്ഷേപിക്കുന്നതും എസ്എസ്പിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് ആരോപണമുണ്ട്.

സംഭവസ്ഥലത്തേക്ക് തിരിച്ച ആസാദ് സമാജ് പാർട്ടി നേതാവും നാഗിന എംപിയുമായ ചന്ദ്രശേഖർ ആസാദിനെ സിവായ ടോൾ പ്ലാസയിൽ വെച്ച് പൊലീസ് തടഞ്ഞത് വലിയ സംഘർഷത്തിന് കാരണമായിരുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ടോൾ പ്ലാസയിൽ വെച്ച് ആസാദിന് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ അധികൃതർ അനുമതി നൽകി. നീതി ലഭിക്കുംവരെ പോരാടുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ആസാദ് വ്യക്തമാക്കി.

അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്ന് 'മിനിമം ഫോഴ്സ്' മാത്രമാണ് പ്രയോഗിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രതിഷേധക്കാർ പൊതുഗതാഗതം തടസ്സപ്പെടുത്തുകയും ക്രമസമാധാനനില തകർക്കാൻ ശ്രമിക്കുകയും ചെയ്തതിനാലാണ് നടപടിയെടുത്തതെന്ന് മീററ്റ് പൊലീസ് വ്യക്തമാക്കി. സമരത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധ ശക്തികളുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.

എന്നാൽ, പ്രതിഷേധം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. യൂണിഫോം അണിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും, നീതി ആവശ്യപ്പെടുന്നവരെ മർദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എസ്പി നേതാവ് ഡോ. ലക്ഷ്മൺ യാദവും വിമർശിച്ചു.

പെൺകുട്ടിയുടെ കൊലപാതകത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും, പ്രതിഷേധക്കാർക്കെതിരെ അതിക്രമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലോടെ കേസ് കൂടുതൽ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.

Tags:    
News Summary - 'Police used excessive force' Lathi charge against those protesting the murder of a Dalit girl; Human Rights Commission issues notice to UP government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.